പൂത്തോട്ട പാലത്തിൽ 
ലോറികൾ കൂട്ടിയിടിച്ചു ; ഗതാഗതം തടസ്സപ്പെട്ടു



ഉദയംപേരൂർ പൂത്തോട്ട പാലത്തിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് തൃപ്പൂണിത്തുറ–-വൈക്കം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. വ്യാഴം പുലർച്ചെ 4.30 ഓടെ പൂത്തോട്ട പാലത്തിന്റെ കയറ്റത്തിൽവച്ച്‌ തൃപ്പൂണിത്തുറ ഭാഗത്തുനിന്നുവന്ന കണ്ടെയ്നർ ലോറി പൂത്തോട്ട ഭാഗത്തേക്ക് വന്ന ടിപ്പറിലേക്ക്‌ ഇടിച്ചുകയറിയായിരുന്നു അപകടം. ടൈലുകളുമായി അമിതവേഗത്തിലെത്തിയ കണ്ടെയ്നർ ലോറി പാലത്തിന്റെ തുടക്കത്തിലെ കട്ടിങ്ങിൽ നിയന്ത്രണംതെറ്റി ടിപ്പർ ലോറിയിലിടിച്ചശേഷം ലോറിയെ തള്ളിനീക്കി പാലത്തിന്റെ മധ്യഭാഗത്തിലെത്തിക്കുകയായിരുന്നു. ഇരുവാഹനങ്ങളും പാലത്തിന്റെ രണ്ടു ഭാഗങ്ങളിലായി കിടന്നതോടെ ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് വൈക്കത്തേക്കുള്ള വാഹനങ്ങളും എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങളും കാഞ്ഞിരമറ്റം മില്ലുങ്കൽ വഴി കടത്തിവിട്ടു. അഗ്‌നി രക്ഷാസേനയും പൊലീസും ഗതാഗതം നിയന്ത്രിച്ചു. എട്ടോടെ ക്രെയിൻ എത്തിച്ചെങ്കിലും വാഹനങ്ങൾ പൊക്കിമാറ്റാൻ തടസ്സമുണ്ടായി. പിന്നീട് ചരിഞ്ഞുകിടന്ന ടിപ്പർ നേരെയാക്കി ചെറിയ വാഹനങ്ങൾ കടത്തിവിട്ടു. ഉച്ചയോടെ ടിപ്പർ ലോറി, ക്രെയിനിന്റെ സഹായത്തോടെ മാറ്റിയശേഷം കാറുൾപ്പെടെയുള്ള വാഹനങ്ങൾ പാലത്തിന്റെ ഒരുവശത്തുകൂടി കടത്തിവിട്ടു. കണ്ടെയ്നർ ലോറി പാലത്തിൽനിന്ന് മാറ്റിയശേഷം വൈകിട്ട് അഞ്ചോടെയാണ് വലിയ വാഹനങ്ങൾ പാലത്തിലൂടെ കടത്തിവിട്ടത്‌. Read on deshabhimani.com

Related News