എസ്ഡിആർഎഫ് വയനാടിനുള്ള 
ദുരിതാശ്വാസ സഹായമല്ല ; കേന്ദ്രസർക്കാർ വാദം വാസ്‌തവവിരുദ്ധം



തിരുവനന്തപുരം വയനാട്‌ പുരനധിവാസത്തിന്‌ സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ (എസ്‌ഡിആർഎഫ്‌) പണമുണ്ടെന്ന കേന്ദ്രസർക്കാർ വാദം വാസ്‌തവവിരുദ്ധം. ധനകമീഷൻ ശുപാർശയുടെ അടിസ്ഥാനത്തിൽ ദുരന്തമുണ്ടായാലും ഇല്ലെങ്കിലും വാർഷാവർഷം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം നൽകുന്ന തുകയാണ്‌ എസ്‌ഡിആർഎഫിൽ എത്തുന്നത്‌. ഒപ്പം സംസ്ഥാന സർക്കാരിന്റെ വിഹിതവും. സംസ്ഥാനത്തുണ്ടാകുന്ന ചെറുതും വലുതുമായ ദുരന്തങ്ങളിൽപ്പെടുന്നവർക്ക്‌ ആശ്വാസമേകാൻ വിനിയോഗിക്കുന്നതാണ് ഈ ഫണ്ട്‌. വർഷം ശരാശരി 400 കോടി രൂപയുടെ പ്രവൃത്തികളാണ്‌ കേരളം ഇതിൽനിന്ന്‌ നടത്തുന്നത്‌. കർശനമായ മാനദണ്ഡം അനുസരിച്ചേ തുക വിനിയോഗിക്കാനാകൂ. പൂർണമായും തകർന്ന വീടിന്‌ 1.30 ലക്ഷം രൂപ മാത്രം. വയനാട്‌ പുനരധിവാസത്തിന്‌ അതുകൊണ്ടുതന്നെ എസ്‌ഡിആർഎഫ്‌ പ്രായോഗികവുമല്ല.  291 കോടി രൂപയാണ്‌ എസ്‌ഡിആർഎഫിലേക്ക്‌ കേന്ദ്രം നൽകിയതായി അറിയിച്ചിട്ടുള്ളത്‌. വയനാടിന്‌ പ്രത്യേക സഹായമായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്‌ 1500 കോടിയും. വയനാട്ടിലേത്‌ കേന്ദ്രത്തിന്റെ കൊടുംക്രൂരത ; വളംവച്ച്‌ യുഡിഎഫ്‌ വയനാട്‌ ഉരുൾപൊട്ടൽ ദുരന്തബാധിതരോട്‌ കേന്ദ്രസർക്കാർ കാട്ടിയത്‌ കൊടുംക്രൂരത. കേന്ദ്രമന്ത്രി നിത്യാനന്ദ റായി കെ വി തോമസിന്‌ നൽകിയ കത്തിൽ പറയുന്നത്‌ കേരളത്തിന്‌ ഒരുസഹായത്തിനും അർഹതയില്ലെന്നാണ്‌. കേന്ദ്രസംഘത്തെ ഔദാര്യമായി അയച്ചില്ലേയെന്ന പരിഹാസവുമുണ്ട്‌. സംസ്ഥാന ദുരന്ത പ്രതികരണനിധിയിലേക്ക്‌ നൽകിയ തുക വയനാടിനുള്ളതാണെന്ന പച്ചനുണയും തട്ടിവിട്ടു. രാജ്യത്തെ ഒരു സംസ്ഥാനം എന്ന പരിഗണനപോലും നൽകാതെ കേരളത്തിന്‌ അവകാശപ്പെട്ട എല്ലാ ആനുകൂല്യം തടയുകയാണ്‌ മോദി സർക്കാരിന്റെ ലക്ഷ്യം.  ഇത്രയൊക്കെ നിഷേധാത്മക നിലപാടെടുത്തിട്ടും 18 എംപിമാരുള്ള യുഡിഎഫ്‌ വയനാടിനായി ഇടപെടാൻ തയ്യാറായിട്ടില്ല. സംസ്ഥാന സർക്കാർ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും നിരന്തരം കണ്ടും ഹൈക്കോടതിയിൽ ഹർജി നൽകിയും സഹായം ലഭ്യമാക്കാൻ പരിശ്രമിക്കുന്നു. ഇതിൽപ്പോലും സർക്കാരിനൊപ്പം നിൽക്കില്ലെന്ന നിലപാടാണ്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ മുന്നോട്ടുവച്ചത്‌. സ്വന്തമായി സമരംചെയ്യുമെന്ന്‌ ഇപ്പോൾ പറയുന്നു. ഇതു തന്നെയാണ്‌ കേന്ദ്രത്തിന്‌ വളമാകുന്നതും.  അതേസമയം ഹൈക്കോടതിയിൽ കേരളത്തിന്റെ ഹർജി പരിഗണിക്കവെ സഹായം നൽകില്ലെന്ന്‌ പറഞ്ഞില്ലെന്ന തൊടുന്യായവും കേന്ദ്രസർക്കാർ ഉയർത്തി. ഉരുൾപൊട്ടലുണ്ടായ ദിവസംമുതൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ്‌ സംസ്ഥാനം ആവശ്യപ്പെടുന്നത്‌. ദുരന്തബാധിതരുടെ വായ്‌പ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്‌. പ്രധാനമന്ത്രി നേരിട്ട്‌ സന്ദർശനം നടത്തയിട്ടുപോലും ഇതിൽ തീരുമാനമെടുത്തില്ല. എന്നിട്ടാണ്‌ സർവവും നഷ്‌ടപ്പെട്ട മനുഷ്യരെ വീണ്ടും വീണ്ടും കേന്ദ്രം പരിഹസിക്കുന്നത്‌.   Read on deshabhimani.com

Related News