കേന്ദ്രത്തിന്റെ ലക്ഷ്യം സഹകരണ മേഖലയിലെ നിക്ഷേപം : മുഖ്യമന്ത്രി
ആലുവ > കോർപറേറ്റുകൾക്കായി കോടാനുകോടിയുടെ നിക്ഷേപം കൈപ്പിടിയിലാക്കാനാണ് കേന്ദ്രസർക്കാർ സംസ്ഥാനത്തെ സഹകരണമേഖലയെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായി സഹകരണമേഖലയ്‌ക്കെതിരെ വസ്‌തുതാവിരുദ്ധ പ്രചാരണം നടത്തുന്നു. ഔദ്യോഗികസ്ഥാനത്തിരിക്കുന്നവരും ഇതിന് തയ്യാറായെന്നും മുഖ്യമന്ത്രി പറഞ്ഞു. മുപ്പത്തടം സഹകരണ ബാങ്കിന്റെ സഹകരണമന്ദിരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണമേഖലയെ താറടിക്കാൻ തുടർച്ചയായ പ്രചാരണം നടത്തി. തകർക്കാൻ ചില നടപടികളും സ്വീകരിച്ചു. അതിന്റെ ഭാഗമായി മൾട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങൾ വന്നു. നിയമവിരുദ്ധമായ കാര്യങ്ങൾ അവിടെ നടന്നു. കേന്ദ്രത്തിനുകീഴിലെ ബാങ്കുകളിൽ നല്ലപോലെ വായ്‌പത്തട്ടിപ്പ് അരങ്ങേറുന്നുണ്ട്. എന്നാൽ, കോർപറേറ്റുകളെ ദ്രോഹിക്കരുതെന്ന നിർബന്ധം കേന്ദ്രസർക്കാരിനുണ്ട്. ഒത്തുകളിയാണ് അവിടെ നടക്കുന്നത്. കേരളത്തിലെ സഹകരണമേഖലയിൽ അവിശുദ്ധമായ കാര്യമുണ്ടായാൽ വിട്ടുവീഴ്‌ചയില്ലാത്ത കർക്കശനടപടി ഉണ്ടാകും. അപൂർവം ചിലയിടങ്ങളിൽ തെറ്റായ പ്രവണതയുണ്ടായി. വിരലിൽ എണ്ണാവുന്ന സ്ഥാപനങ്ങളിലായിരുന്നു അത്. 'അതിനെതിരെ സംസ്ഥാന സർക്കാരും സഹകരണവകുപ്പും കർക്കശനടപടി സ്വീകരിച്ചു. എന്നാൽ, സഹകരണമേഖലയെ ലക്ഷ്യമിട്ടവർ അത് പ്രചാരണായുധമാക്കി. സഹകരണ സ്ഥാപനത്തിലെ നിക്ഷേപത്തെക്കുറിച്ച് ആശങ്ക വേണ്ട. നിക്ഷേപം ഭദ്രമായിരിക്കും. വിവാദങ്ങളുണ്ടായ സ്ഥാപനങ്ങളിൽപ്പോലും നിക്ഷേപകരുടെ പണം പോയില്ല. സഹകരണമേഖലയിൽ നിക്ഷേപിച്ചവർക്ക് ചില്ലിക്കാശുപോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com