കേന്ദ്രത്തിന്റെ സഹകരണവിരുദ്ധ നയത്തിനെതിരെ അണിചേരുക: കെസിഇയു
കാസർകോട് കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പ്രതിരോധിക്കാൻ സഹകാരികളും ജനങ്ങളും മുന്നോട്ടുവരണമെന്ന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ(സിഐടിയു) സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു. ചെർക്കള ഐ മാക്സ് ഓഡിറ്റോറിയത്തിലെ പി രാഘവൻ നഗറിൽ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനംചെയ്തു. വയനാട് ദുരന്തബാധിതരെ സഹായിക്കാൻ പണം അനുവദിക്കാത്ത കേന്ദ്ര സർക്കാർ കേന്ദ്രസേന വന്നതിന്റെ പണം ആവശ്യപ്പെട്ട് ഇണ്ടാസ് നൽകുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തിനെതിരെ സമരശേഷി ഉയർത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പി എം വഹീദ അധ്യക്ഷയായി. സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ, കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് പി ജാനകി രക്തസാക്ഷി പ്രമേയവും ട്രഷറർ പി എസ് ജയചന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി എൻ കെ രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ സി എച്ച് കുഞ്ഞമ്പു എംഎൽഎ സ്വാഗതവും കൺവീനർ കെ വി വിശ്വനാഥൻ നന്ദിയും പറഞ്ഞു. സംഘടനയുടെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിച്ച കലണ്ടർ സംസ്ഥാന ജനറൽ സെക്രട്ടറി എൻ കെ രാമചന്ദ്രന് നൽകി എളമരം കരീം പ്രകാശിപ്പിച്ചു. Read on deshabhimani.com