ഭിന്നശേഷിക്കാരിയായ ആറാംക്ലാസുകാരിക്ക്‌ അധ്യാപികയുടെ ക്രൂരമര്‍ദനം: പൊലീസ്‌ കേസെടുത്തു



ചെങ്ങന്നൂര്‍ > സംസാരശേഷി കുറഞ്ഞ ആറാംക്ലാസ് വിദ്യാർഥിനിയെ ട്യൂഷന്‍ അധ്യാപിക ക്രൂരമായി മര്‍ദിച്ചതായി പരാതി. ചെങ്ങന്നൂർ ചെറിയനാട്‌ സ്വദേശികളായ ദമ്പതികളുടെ മകളെയാണ്‌ മര്‍ദിച്ചത്‌. വീടിനു സമീപത്തെ ട്യൂഷന്‍ സെന്ററിലെ അധ്യാപിക അരിയന്നൂർശേരി സിന്ദൂരം വീട്ടിൽ ഷൈലജക്കെതിരെ മാതാപിതാക്കൾ നൽകിയ പരാതിയിൽ ചെങ്ങന്നൂര്‍ പൊലീസ്‌ കേസെടുത്തു. ഇവർ ഒളിവിലാണ്‌. നവംബര്‍ 30ന്‌ ക്ലാസിലെ മറ്റു കുട്ടികളുടെ മുമ്പിലായിരുന്നു മർദനം. തുടമുതല്‍ കാല്‍പാദംവരെ അടിയേറ്റ്‌ ചോരയൊലിച്ച നിലയിലായിരുന്നു. വീട്ടിലെത്തി കരഞ്ഞ കുട്ടിയുടെ ശരീരം അമ്മ പരിശോധിച്ചപ്പോഴാണ് പാടുകൾ കണ്ടത്. കുട്ടിയുടെ അമ്മയെ ഫോണിൽവിളിച്ച അധ്യാപിക, ക്ലാസ് ടെസ്‌റ്റിൽ ഉത്തരമെഴുതാതിരുന്ന മകളെ വടികൊണ്ട് അടിച്ചതായും പരാതിയുണ്ടെങ്കിൽ ഇനി കുട്ടിയെ ട്യൂഷനു വിടേണ്ടതില്ലെന്നും അറിയിച്ചു. പിന്നീട്‌ അധ്യാപിക ഭര്‍ത്താവിനൊപ്പം കുട്ടിയുടെ വീട്ടിലെത്തി പണംനല്‍കിയെന്നും എന്നാല്‍ ഇത് തിരിച്ചുനല്‍കിയെന്നും അമ്മ പറഞ്ഞു. കുട്ടിയെ സന്ദർശിക്കാനെത്തിയ ബിജെപിക്കാരനായ പഞ്ചായത്തംഗം, മുറിവിൽ തേന്‍തേച്ച് പാടുകള്‍ ഉണക്കാൻ പറഞ്ഞതല്ലാതെ സഹായിക്കാൻ തയ്യാറായില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു. കുട്ടിയുടെ പിതാവിനും സംസാരശേഷി കുറവാണ്‌. പൊലീസ്‌ വെള്ളിയാഴ്‌ച കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. Read on deshabhimani.com

Related News