ഹെലിടൂറിസം: ആഡംബര കോപ്റ്ററിൽ ആകാശംചുറ്റാം; ബുക്ക് ചെയ്യാൻ ആപ്പും



തിരുവനന്തപുരം സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഹെലികോപ്റ്റർ സർവീസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി യാത്ര​ബുക്ക് ചെയ്യാൻ ടൂറിസം വകുപ്പ് പ്രത്യേക ആപ്‌ പുറത്തിറക്കും. ടിക്കറ്റ് തുക ഉൾപ്പെടെ എല്ലാ വിവരങ്ങളും ആപ്പിലൂടെ അറിയാനാകും. യാത്രയിൽ പാലിക്കേണ്ട മുൻകരുതലും നിർദേശങ്ങളുമുണ്ടാകും. മന്ത്രിസഭ പാസാക്കിയ ഹെലി-ടൂറിസം നയത്തിലെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാകും ആപ്‌ തയ്യാറാക്കുക. ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്‌ (കെടിഐഎൽ) ആയിരിക്കും ഹെലിടൂറിസം പദ്ധതിയുടെ ഏകോപന ചുമതല.  വ്യോമയാന മന്ത്രാലയം, ​ഗതാ​ഗതം, തദ്ദേശം, ടൂറിസം, പൊതുമരാമത്ത് വകുപ്പുകളുടെ സഹകരണത്തോടെയാകും പ്രവർത്തനം. സംസ്ഥാനത്ത് ഹെലിപാഡുകളും ഹെലിസ്‌റ്റേഷനുകളും നിർമിക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തുന്നതിന്‌ വിദ​ഗ്‌ധ സമിതിയുടെ നേതൃത്വത്തിൽ സർവേയും സാധ്യതാപഠനവും നടത്തും. യാത്രക്കാരുടെ സുരക്ഷയ്‌ക്കായി ഹെലികോപ്ടർ കമ്പനികളുടെ നേതൃത്വത്തിൽ ഇൻഷുറൻസ് പദ്ധതിയും നടപ്പാക്കും. പുതിയ നയം പ്രകാരം സ്വകാര്യ നിക്ഷേപകർക്ക് സ്വന്തം സ്ഥലങ്ങളിലോ സർക്കാർ ഭൂമിയിലോ ഹെലിപാഡുകളും ഹെലിപോർട്ടുകളും എയർസ്ട്രിപ്പുകളും നി‌ർമിക്കാൻ പ്രത്യേക സബ്സിഡിയും ഇളവുമുണ്ട്‌. Read on deshabhimani.com

Related News