ആരോഗ്യ സേതു ആപ്പ് കാഴ്‌ചപരിമിതിയുള്ളവർക്ക് അപ്രാപ്യം
കോഴിക്കോട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ ഇറക്കിയ ആരോഗ്യ സേതു ആപ്പ് കാഴ്‌ചാ പരിമിതിയുള്ളവർക്ക് ഉപയോഗിക്കാനാവുന്നില്ല. പൊതു–-സ്വകാര്യ മേഖലയിലെ മുഴുവൻ ജീവനക്കാർക്കും ഈ ആപ്പ് നിർബന്ധമാക്കിയതിനാൽ കാഴ്‌ച കുറവുള്ളവർ പ്രതിസന്ധിയിലാണ്. പൂർണമായും ഭാഗികമായും കാഴ്‌ച ഇല്ലാത്ത 5000 പേർ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഭിന്നശേഷി അവകാശ നിയമം അനുസരിച്ച് രാജ്യത്തെ എല്ലാ പൊതു സംവിധാനങ്ങളും ഭിന്നശേഷി വിഭാഗത്തിലുള്ളവർക്കും പ്രാപ്യമാക്കണം. എന്നാൽ, ആരോഗ്യ സേതു മറ്റൊരാളുടെ സഹായമില്ലാതെ ഈ വിഭാഗത്തിലുള്ളവർക്ക് ഉപയോഗിക്കാനാവില്ല. കാഴ്‌ചാ പരിമിതിയുള്ളവരുടെ ഫോണിലുള്ള സ്‌ക്രീൻ റീഡർ സംവിധാനമാണ് ആപ്പുകളിലെ നിർദേശങ്ങൾ ശബ്ദമാക്കി മാറ്റുന്നത്. സ്‌ക്രീൻ റീഡറിന് വായിക്കാനാവാത്ത രീതിയിലാണ് ആരോഗ്യ സേതുവിലെ ക്രമീകരണം. ബാങ്കുകളുടെയും മറ്റും ആപ്പുകൾ കാഴ്‌ചാ പരിമിതർക്കുള്ള സൗകര്യം കൂടി അതിൽ സജ്ജമാക്കാറുണ്ട്. തത്സമയം ഒടിപി നമ്പർ ശബ്ദമായി നൽകും. ഈ സൗകര്യമൊന്നും ആരോഗ്യ സേതുവിൽ ഇല്ല. ഇതുമൂലം തനിയേ രജിസ്‌റ്റർ ചെയ്യാനാവുന്നില്ല. തുടർപ്രവർത്തനങ്ങൾക്കും മറ്റൊരാളുടെ സഹായം വേണം. പൊതു സംവിധാനങ്ങളിൽ ഭിന്നശേഷി വിഭാഗത്തിന് വേർതിരിവ് ഉണ്ടാകരുതെന്ന നിയമമുണ്ടായിട്ടും ഇത്തരം നടപടികളുണ്ടാവുന്നത് കാഴ്‌ചാ പരിമിതി ഉള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്ന് കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ്സിന്റെ വൈസ് പ്രസിഡന്റ് ഡോ. ഹബീബ് പറഞ്ഞു. Read on deshabhimani.com