മോളി പറഞ്ഞു
 മനോഹരം ഈ ‘ലൈഫ്‌’ ; തിരുമാറാടിയിൽ 31 വീടുകൾ ഇന്ന്‌ കൈമാറും



കൂത്താട്ടുകുളം തകർന്നടിഞ്ഞ വീട്ടിൽ മഴക്കാലത്തിന്റെ പേടിപ്പെടുത്തുന്ന ഓർമകളുമായി കഴിഞ്ഞകാലം മോളിയുടെ ജീവിതത്തിൽ ഇനിയില്ല. അമ്പത്തഞ്ചുകാരി കാക്കൂർ വടക്കേടത്ത് വി സി മോളിക്ക്‌ ‘ലൈഫ്‌’ പദ്ധതിയിൽ ഒരുങ്ങിയത് സുന്ദരഭവനം. ഭർത്താവ് കെ ജെ ജോൺ മരിച്ചശേഷം മോളി ഒറ്റയ്‌ക്കാണ് താമസം. മക്കളില്ല. തൊഴിലുറപ്പാണ്‌ ഏക വരുമാനമാർഗം. മോളിയുടെ പഴയവീട്‌ പൊളിച്ച്‌ ആറുമാസത്തിനകം പഞ്ചായത്ത് പുതിയത്‌ നിർമിച്ചുനൽകി. പത്തുസെന്റ്‌ സ്ഥലത്തെ വീട്‌ കഴിഞ്ഞുള്ള ഭാഗത്ത് പച്ചക്കറിക്കൃഷിയും പൂന്തോട്ടവുമെല്ലാം ഒരുക്കിയിട്ടുണ്ട്. മോളി ഉൾപ്പെടെ തിരുമാറാടി പഞ്ചായത്തിലെ 31 കുടുംബങ്ങൾകൂടി ലൈഫ് ഭവനപദ്ധതിയുടെ സുരക്ഷിത തണലിലേക്കെത്തി. വീടുകളുടെ താക്കോൽദാനവും ഹരിതകർമസേന യൂസർ ഫീ ശേഖരണം നൂറുശതമാനം പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനവും ചൊവ്വ രാവിലെ പത്തിന്‌ മന്ത്രി എം ബി രാജേഷ് നിർവഹിക്കും. നാൽപ്പത്തൊമ്പതുപേർ കരാർ വച്ചതിൽ ഇതുവരെ 31 വീടുകൾ പൂർത്തിയാക്കി. 1.22 കോടി രൂപയാണ് പദ്ധതിച്ചെലവ്. മൂന്നുപേർക്ക് ഭൂമി വാങ്ങാനുള്ള സഹായവും നൽകി. നിലവിലുള്ള ഭരണസമിതിയുടെ കാലത്ത്‌ ഇതുവരെ 97 കുടുംബങ്ങൾക്ക് വീട്‌ നിർമിച്ചുനൽകി. ഇതിനായി 2.80 കോടി രൂപ ചെലവഴിച്ചതായി പഞ്ചായത്ത് പ്രസിഡന്റ്‌ സന്ധ്യമോൾ പ്രകാശ് പറഞ്ഞു. കൂടാതെ മുടങ്ങിക്കിടന്ന മൂന്ന് വീടുകൾ അധിക ധനസഹായം നൽകി പൂർത്തിയാക്കി. പട്ടികയിലുള്ള എല്ലാ ഗുണഭോക്താക്കൾക്കും സുരക്ഷിതഭവനം ഒരുക്കുമെന്ന് പഞ്ചായത്ത്‌ അധികൃതർ പറഞ്ഞു. Read on deshabhimani.com

Related News