പുരസ്കാരത്തിൽ തിളങ്ങിയ 
മൂല്യവും ജനപ്രിയതയും ; പരാതിക്ക് ഇടനൽകാതെ സംസ്ഥാന പുരസ്കാര പ്രഖ്യാപനം



തിരുവനന്തപുരം മലയാള സിനിമയ്ക്ക്‌ കരുത്തുപകർന്ന്‌ ദേശീയ – -സംസ്ഥാന ചലച്ചിത്ര അവാർഡുകൾ. പരാതിക്ക് ഇടനൽകാതെയാണ്‌ 2023 ലെ സംസ്ഥാന പുരസ്കാര പ്രഖ്യാപനം. ദേശീയ പുരസ്കാരം ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ മലയാളത്തിനുള്ള സ്വാധീനവും കലാമൂല്യത്തിലുള്ള മേൽകൈയും ഉറപ്പിക്കുന്നതായി. മലയാളം എക്കാലവും നെഞ്ചേറ്റിയിട്ടുള്ള ഉര്‍വശിയോടൊപ്പം ബീന ചന്ദ്രൻ സംസ്ഥാന അംഗീകാര നിറവിലെത്തി. പൃഥ്വിരാജിനെ മികച്ച നടനാക്കിയ ആടുജീവിതവും മമ്മൂട്ടിയും ജ്യോതികയും അഭിനയിച്ച കാതലും  വലിയ ജനകീയാംഗീകാരം നേടിയവയാണ്‌. ദേശീയ തലത്തിൽ തുടർച്ചയായി അംഗീകാരം നേടുന്ന മലയാള നടികളുടെ കൂട്ടത്തിലേക്കാണ് നിത്യാമേനോൻ എത്തിയത്‌. വലിയ അംഗീകാരമാണ്‌  ‘ ആട്ടം ’ നേടിയത്‌. മലയാളികൾ ആവേശപൂർവം വായിച്ച നോവലായ ബെന്യാമിന്റെ  ‘ ആടുജീവിതം ’ സിനിമയായപ്പോഴും അതേ ഊർജത്തോടെ സ്വീകരിച്ചു. ഒൻപത്‌ അവാർഡാണ്‌  സിനിമ വാരിക്കൂട്ടിയത്‌. മറ്റെവിടെയാണെങ്കിലും വിവാദങ്ങൾക്കും സംഘർഷങ്ങൾക്കും കാരണമായേക്കാവുന്ന പ്രമേയമുള്ള കാതലിനുള്ള അംഗീകാരം ഒരുചുവട്‌ മുന്നേറ്റമാണ്‌. നൂതന ചിന്തകൾക്ക്‌ പ്രോത്സാഹനം, സമാധാനപൂർവമായ അന്തരീക്ഷം, സിനിമയുടെ  പ്രതിസന്ധിഘട്ടങ്ങളിൽ ഒപ്പം നിൽക്കുന്ന സർക്കാർ  എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങൾ മലയാള സിനിമയെ കൈപിടിച്ചുയർത്തുന്നു. പത്ര ഏജന്റ്‌ കൂടിയായ പയ്യന്നൂരിലെ കൃഷ്ണേട്ടനുള്ള ( ജൈവം ) അംഗീകാരവും എടുത്തുപറയേണ്ടതാണ്. 160 ചിത്രങ്ങളാണ് പരി​ഗണനയ്ക്കുവന്നത്. ഇത്രയധികം ചിത്രങ്ങൾ സ്‌ക്രീനിങ്ങിന് എത്തുന്നതും ഇതാദ്യം. സുധീർമിശ്രയുടെ നേതൃത്വത്തിലുള്ള ജൂറിയുടെ പ്രവര്‍ത്തനവും പ്രശംസിക്കപ്പെട്ടു. Read on deshabhimani.com

Related News