സർക്കാർസഹായത്തിൽ പണിത വീട് കൈമാറ്റം 7 വർഷമായി കുറച്ചു
കൊച്ചി ലൈഫ് പദ്ധതിയടക്കം തദ്ദേശവകുപ്പിൽനിന്ന് വിവിധ ഭവന ആനുകൂല്യങ്ങൾ ലഭിച്ചിട്ടുള്ളവർക്കെല്ലാം ഇനിമുതൽ ഏഴുവർഷം കഴിഞ്ഞ് വീട് കൈമാറ്റം ചെയ്യാം. ആനുകൂല്യം ലഭിച്ച വീടുകൾ പത്തുവർഷം കഴിഞ്ഞേ കൈമാറാൻ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാൽ, 2024 ജൂലൈ ഒന്നിനുശേഷം ആനുകൂല്യം ലഭിക്കുന്നവർക്ക് ഇത് ഏഴുവർഷമാക്കി ചുരുക്കി നേരത്തേ ഉത്തരവായിരുന്നു. അപ്പോഴും ജൂലൈ ഒന്നിനുമുമ്പ് ആനുകൂല്യം ലഭിച്ചവർക്ക് പത്തുവർഷം എന്ന നിബന്ധന തുടർന്നു. അതിനാൽ ഏഴുവർഷം എന്ന ഇളവ് ഭവനനിർമാണ ആനുകൂല്യം ലഭിച്ച എല്ലാവർക്കും ബാധകമാക്കാൻ എറണാകുളം ജില്ലാ തദ്ദേശ അദാലത്തിൽ മന്ത്രി എം ബി രാജേഷ് ഉത്തരവിടുകയായിരുന്നു. വീട് വിൽക്കുന്നതോടെ ഇവർ വീണ്ടും ഭവനരഹിതരാകുന്നില്ലെന്ന ഉറപ്പിലാണ് അനുമതി നൽകുക. കുന്നുകര പഞ്ചായത്തിലെ മാമ്പിള്ളി പൗലോസ് എന്നയാളുടെ അപേക്ഷ പരിഗണിച്ചാണ് ഉത്തരവ്. ഇ എം എസ് ഭവനപദ്ധതിപ്രകാരം എട്ടുവർഷംമുമ്പ് ലഭിച്ച വീട് വിൽക്കാൻ അനുവാദം തേടിയാണ് ഇദ്ദേഹം അദാലത്തിൽ എത്തിയത്. കെട്ടിടനിർമാണ പെർമിറ്റ് എടുത്തശേഷം നിർമാണം ഉപേക്ഷിച്ചാൽ ഈടാക്കിയ അധിക എഫ്എആർ ഫീസ് തിരിച്ചുനൽകുന്ന നിലയിൽ കെട്ടിടനിർമാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തുമെന്നും മന്ത്രി അറിയിച്ചു. കെട്ടിടനിർമാണ ചട്ടങ്ങളിലെ ചട്ടം 16 ആണ് ഭേദഗതി ചെയ്യുക. കോതമംഗലം സ്വദേശി വർക്കിയുടെ അപേക്ഷ പരിഗണിച്ചാണ് നിർദേശം. ആറുലക്ഷം രൂപ അധിക എഫ്എആർ ഫീസാണ് ഇദ്ദേഹത്തിന് തിരിച്ചുനൽകാൻ മന്ത്രി ഉത്തരവിട്ടത്. ഇതിൽ പൊതുതീരുമാനം സ്വീകരിക്കുമെന്നും ചട്ടങ്ങളിൽ ഭേദഗതി വരുത്തുമെന്നും മന്ത്രി അറിയിച്ചു. Read on deshabhimani.com