പുരസ്കാരത്തിളക്കത്തിൽ പോൾസണും ആദർശും ; മികച്ച തിരക്കഥയ്‌ക്കുള്ള സംസ്ഥാന പുരസ്കാരം ഇരുവരും ചേർന്നൊരുക്കിയ ‘കാതൽ ദ കോറി’ന്‌

തിരക്കഥാകൃത്തുക്കളായ പോൾസൺ സ്കറിയയും ആദർശും പോൾസന്റെ മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പം സന്തോഷം പങ്കിടുന്നു. (വലത്തുനിന്ന്‌ രണ്ടാമത് ആദർശ്)


പിറവം വ്യത്യസ്ത ലൈംഗികാഭിമുഖ്യമുള്ള നായകന്റെ പ്രണയരഹിതദാമ്പത്യം ചർച്ച ചെയ്യുന്ന ‘കാതൽ ദ കോറി’ന്റെ കഥപറഞ്ഞ പോൾസൺ സ്കറിയയും ആദർശ് സുകുമാരനും സംസ്ഥാന അവാർഡ്‌ തിളക്കത്തിൽ. മികച്ച തിരക്കഥയ്‌ക്കുള്ള സംസ്ഥാന പുരസ്കാരമാണ് ഇരുവരും പങ്കിട്ടത്. മികച്ച ചിത്രം ഉൾപ്പെടെ നാല് അവാർഡാണ് സിനിമ നേടിയത്. അവാർഡിന്റെ സന്തോഷം പങ്കുവയ്ക്കാൻ ഇരുവരും പോൾസന്റെ പാമ്പാക്കുടയിലെ വീട്ടിൽ ഒത്തുകൂടി. മെക്കാനിക്കൽ എൻജിനിയറായിരുന്ന പോൾസൺ ജോലി രാജിവച്ചാണ് സിനിമയ്‌ക്കൊപ്പം കൂടിയത്. പോൾസണ് സിവിൽ സർവീസ് കോച്ചിങ് ക്ലാസിൽനിന്ന്‌ ലഭിച്ച ഒരു ആശയമാണ്  ‘കാതൽ ദ കോറി’ന്റെ കഥാബീജം. മുൻ മാധ്യമപ്രവർത്തകൻകൂടിയായ ആദർശ് സുകുമാരനും ഒപ്പംചേർന്നപ്പോൾ മലയാളത്തിൽ ഇന്നുവരെ പറയാത്ത കഥയും തിരക്കഥയുമായി അത്‌ മാറി. ജിയോ ബേബിയുടെ സംവിധാനത്തിൽ, മമ്മൂട്ടിയും ജ്യോതികയും മുഖ്യവേഷങ്ങളിൽ എത്തിയതോടെ പോൾസണും ആദർശിനും സ്വപ്നസാക്ഷാൽക്കാരമായി. ഇരുവരും ചേർന്ന് തിരക്കഥയൊരുക്കിയ നെയ്മറും ഹിറ്റായിരുന്നു. കോതമംഗലം കുത്തുകുഴി പണ്ടാരത്തുംകുടിയിൽ സുകുമാരൻ–-ആശ ദമ്പതികളുടെ മകനാണ് ആദർശ്. സഹോദരി താര. പാമ്പാക്കുട ചൊള്ളങ്ങാട്ട് (പള്ളിപ്പുറത്ത്) സി പി സ്കറിയ–-ലിസി ദമ്പതികളുടെ മകനാണ് പോൾസൺ. സഹോദരി തിരുവനന്തപുരം ലോ അക്കാദമി വിദ്യാർഥിനി മരിയ. ബേസിൽ ജോസഫ്, മാത്തുക്കുട്ടി സേവ്യർ എന്നീ സംവിധായകർക്കായി തിരക്കഥാരചനയിലാണ് പോൾസൺ സ്കറിയ. Read on deshabhimani.com

Related News