വിരുന്നിനെത്തി, ചെമ്പുവാലൻ പാറക്കിളി
മലപ്പുറം അപൂർവമായി കേരളത്തിൽ വരാറുള്ള ചെമ്പുവാലൻ പാറക്കിളി മലപ്പുറം വാഴയൂരിൽ വിരുന്നെത്തി. സ്‌പെയിൻ, തുർക്കി, കിർഗിസ്ഥാൻ, മംഗോളിയ തുടങ്ങിയ ഇടങ്ങളിൽ പ്രജനനകാലം ചെലവഴിച്ച് ആഫ്രിക്കയിലേക്ക് ദേശാടനം നടത്തുന്ന ചെമ്പുവാലൻ പാറക്കിളിയെ ആദ്യമായാണ് ജില്ലയിൽ കാണുന്നത്. ലഡാക്കിലും ജമ്മു- കശ്‌മീരിലുമാണ് കാണാറുള്ളത്. കേരളത്തിൽ സാധാരണ വരാറില്ല. ആലപ്പുഴയിൽ 2015-ൽ ഈയിനം പക്ഷിയെ കണ്ടെത്തിയതായി പക്ഷിനിരീക്ഷകരുടെ സമൂഹ മാധ്യമമായ ഇ- ബേർഡിൽ പറയുന്നു. ഇതിനുശേഷം കേരളത്തിൽ വന്നതായി സ്ഥിരീകരണമില്ല. കഴിഞ്ഞ ദിവസം വാഴക്കാടിനടുത്ത് വാഴയൂർ മലയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ സീനിയർ നഴ്‌സിങ് ഓഫീസറും വന്യജീവി ഫോട്ടോഗ്രാഫറുമായ ടി കെ മുഹമ്മദ് ഷമീർ കൊടിയത്തൂർ ഇതിന്റെ ചിത്രം പകർത്തി. Read on deshabhimani.com