പാചകവും പ്ലംബിങ്ങും; പഠിപ്പിക്കും
 പാഠപുസ്തകത്തിനുമപ്പുറം



കൊച്ചി വിദ്യാർഥികളുടെ ജീവിതനൈപുണി വികാസം ലക്ഷ്യമിട്ട്‌ സമഗ്രശിക്ഷാ കേരളം നടപ്പാക്കുന്ന ‘ലൈഫ്‌–-24’ പദ്ധതിക്ക്‌ ജില്ലയിൽ തുടക്കം. ദൈനംദിനജീവിതത്തിൽ പെട്ടെന്നുണ്ടാകുന്ന ചില ആവശ്യങ്ങൾ ഏറ്റെടുക്കാനും ജീവിതനൈപുണികൾ പരിശീലിക്കാനുമുള്ള അവസരം നൽകുകയാണ്‌ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കൃഷി, പാചകം, പ്ലംബിങ്, വയറിങ്, ടൂവീലർ സർവീസിങ്, ഇലക്‌ട്രോണിക്‌സ്‌ തുടങ്ങിയ മേഖലകളാണ്‌ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌. പൊതുവിദ്യാഭ്യാസവകുപ്പും യുണിസെഫുമായി സഹകരിച്ചുള്ള പദ്ധതി ഒമ്പതാംക്ലാസ്‌ കുട്ടികൾക്കായാണ്‌. സ്കൂളുകളിൽനിന്ന്‌ തെരഞ്ഞെടുത്ത വിദ്യാർഥികൾക്കായി ബിആർസിതലത്തിൽ ക്യാമ്പുകൾ നടക്കും. 35 വിദ്യാർഥികൾവരെയാണ്‌ മൂന്നുദിവസങ്ങളിലായി നടക്കുന്ന ക്യാമ്പുകളിൽ പങ്കെടുക്കുക. രസക്കൂട്ട്, കൃഷിക്കൂട്ടം, ജലം ജീവിതം എന്നീ വിഷയങ്ങളായി തിരിച്ചാണ്‌ ക്യാമ്പ്‌. ഇതിൽ ‘രസക്കൂട്ടി’ന്റെ ഭാഗമായി ആവിയിൽ പുഴുങ്ങിയെടുക്കുന്ന ആഹാരം ഉണ്ടാക്കാൻ കുട്ടികളെ പഠിപ്പിക്കും. അവയുടെ ഗുണങ്ങളെക്കുറിച്ചും പഠിപ്പിക്കും. പുട്ടാണ്‌ പ്രധാനമായും ക്യാമ്പിൽ കുട്ടികൾ ഉണ്ടാക്കുന്നത്‌. ‘കൃഷിക്കൂട്ട’ത്തിൽ ജൈവകൃഷിയെക്കുറിച്ച്‌ പഠിപ്പിക്കും. ‘ജലം ജീവിതം’ എന്നതിൽ ഹൈഡ്രോപോണിക്‌സ്‌ കൃഷിരീതിയാണ്‌ പരിചയപ്പെടുക. ഇതുവഴി പംബ്ലിങ് ജോലികൾകൂടി മനസ്സിലാകും. പ്രത്യേക പരിശീലനം നേടിയ റിസോഴ്‌സ്‌പേഴ്‌സൺമാരാണ്‌ ക്യാമ്പുകൾക്ക്‌ നേതൃത്വം നൽകുന്നത്‌. ക്യാമ്പിൽ പങ്കെടുക്കുന്നവർ സ്കൂളുകളിലെത്തി മറ്റു കുട്ടികൾക്ക്‌ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തും. ജില്ലയിൽ 15 ബിആർസികളിൽ നാലിടത്ത്‌ ക്യാമ്പുകൾ ആരംഭിച്ചതായി ലൈഫിന്റെ ചുമതലയുള്ള സമഗ്രശിക്ഷാ ജില്ലാ പ്രോഗ്രാം ഓഫീസർ ജോസഫ്‌ വർഗീസ്‌ പറഞ്ഞു. Read on deshabhimani.com

Related News