റഹീമിന്റെ മോചനത്തിന് കിട്ടിയത് 47.87 കോടി രൂപ ; പ്രചാരണങ്ങൾ വാസ്‌തവ വിരുദ്ധം
കോഴിക്കോട് റിയാദിൽ ജയിൽമോചനം കാത്തുകഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീമിന്റെ മോചനത്തിനായി ക്രൗഡ് ഫണ്ടിങ്ങിലൂടെ 47,87,65,347 രൂപ സമാഹരിച്ചതായി അബ്ദുറഹീം നിയമസഹായസമിതി ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 36,27,34,927 രൂപയാണ് ചെലവഴിച്ചത്. 11,60,30,420 രൂപ ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിലുണ്ട്. അബ്ദുറഹീം നാട്ടിലെത്തിയശേഷം തുക എന്തു ചെയ്യണമെന്ന് ട്രസ്റ്റ് തീരുമാനമെടുക്കുമെന്ന് ചെയർമാൻ കെ സുരേഷ് കുമാർ അറിയിച്ചു. മോചനവുമായി ബന്ധപ്പെട്ട നടപടികളും പണസമാഹരണവും സംബന്ധിച്ച് ചിലർ നടത്തുന്ന പ്രചാരണങ്ങൾ വാസ്‌തവവിരുദ്ധമാണ്. റഹീമിന്റെ മാതാവിനും കുടുംബത്തിനും വസ്‌തുത ബോധ്യപ്പെട്ടെന്നും ഭാരവാഹികൾ പറഞ്ഞു. ഞായറാഴ്‌ച റിയാദിലെ ക്രിമിനൽ കോടതിയുടെ സിറ്റിങ്ങിന്റെ തീരുമാനമനുസരിച്ചാവും മോചനം സംബന്ധിച്ച തുടർനടപടി. കോടതിയുടെ സ്വാഭാവികമായ നടപടി പൂർത്തിയായാൽ ഉടനെ അബ്ദുറഹീം നാട്ടിലെത്തും. നാട്ടിലെയും റിയാദിലെയും നിയമസഹായ സമിതികൾക്ക് ചെലവായ തുകയും ആപ്പ് സൗകര്യം നൽകിയ സ്പൈൻകോഡിനുള്ള ടിഡിഎസും ബാക്കി നൽകേണ്ടതുണ്ട്. സൗദി പൗരന്റെ മരണത്തെ തുടർന്ന് 18 വർഷമായി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിന് സൗദി കുടുംബം 35 കോടിയാണ് ആവശ്യപ്പെട്ടത്. Read on deshabhimani.com