ബിഗ് സല്യൂട്ട് ; ഓസ്‌ട്രേലിയൻ സൈന്യത്തിൽ സേവനം അനുഷ്‌ഠിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരി
മുഹമ്മ ഓസ്‌ട്രേലിയൻ സൈന്യത്തിൽ സേവനം അനുഷ്‌ഠിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരിയായതിന്റെ അഭിമാനത്തിലാണ് മുഹമ്മക്കാരി എൻ പി സുജമോൾ. നേരത്തെ ഇന്ത്യൻ സൈന്യത്തിൽ മേജറായിരുന്നു. വിരമിച്ചശേഷം അയർലന്റിൽ നഴ്സായി ജോലി നോക്കി. തുടർന്ന് ജൂലൈ മുതൽ ഓസ്‌ട്രേലിയൻ സൈന്യത്തിൽ ക്യാപ്റ്റനാണ്. ഓവർസീസ് ലാറ്ററൽ എൻട്രി സ്‌കീമിലൂടെയാണ് പുതിയ നിയോഗം. മറ്റ് രാജ്യങ്ങളിൽനിന്നുള്ള പരിചയസമ്പന്നരായ സൈനികരെ അവരുടെ റാങ്കുകൾ നിലനിർത്തി ഓസ്‌ട്രേലിയൻ സൈന്യത്തിൽ ചേരാൻ പ്രാപ്‌തമാക്കുന്നതാണ് ഈ സ്‌കീം. മുഹമ്മയിലെ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം കാസർകോട് മാലിക് ദീനാർ കോളേജ് ഓഫ് നഴ്സിങ്ങിൽനിന്ന് ബിരുദം നേടി. തുടർന്ന് ലഫ്റ്റനന്റ് പദവിയിൽ ഇന്ത്യൻ മിലിറ്ററി നഴ്സിങ് സർവീസിൽ പ്രവേശിച്ചു. ഇന്ത്യൻ മിലിട്ടറി നഴ്സിങ് സർവീസിലെ മൈക്രോലൈറ്റ് ഫ്ലൈയിങ് പൈലറ്റായ ഏക അംഗവുമായിരുന്നു. മുഹമ്മ ആര്യക്കര നെടുംചിറയിൽ പുരുഷോത്തമന്റെയും സുമംഗലയുടെയും മകളാണ് 38കാരിയായ സുജമോൾ. ഭർത്താവ്: ആര്യക്കര തകിടിയിൽ അരുൺ. മകൻ: ആര്യൻ. Read on deshabhimani.com