നിർത്തലാക്കിയ കെഎസ്ആർടിസി ബസുകൾ പുനഃസ്ഥാപിക്കണം
പെരുമ്പാവൂർ കോവിഡ്കാലത്ത് നിർത്തലാക്കിയ കെഎസ്ആർടിസി ബസുകൾ പുനഃസ്ഥാപിക്കണമെന്ന് ജനകീയസദസ്സ് ആവശ്യപ്പെട്ടു. നിയോജകമണ്ഡലത്തിലെ യാത്രാക്ലേശം പരിഹരിക്കാൻ ചേർന്ന ജനകീയസദസ്സിലാണ് വിവിധ ആവശ്യങ്ങൾ ഉയർന്നത്. നഗരത്തിലെ ഗതാഗതക്കുരുക്ക്, ബൈപാസ് പൂർത്തിയാക്കാത്തതിന്റെ വിമർശങ്ങൾ, അനധികൃത പാർക്കിങ് എന്നിവ രാഷ്ട്രീയപ്രതിനിധികളും ജനപ്രതിനിധികളും അവതരിപ്പിച്ചു. പൊങ്ങിൻചുവട് ആദിവാസി കോളനി, വേങ്ങൂർ -മേക്കപ്പാല, പെരുമ്പാവൂർ -ആലാട്ടുചിറ, മണ്ണൂർ -പോഞ്ഞാശേരി, കാവുംപുറം -ആലട്ടുചിറ, പെരുമ്പാവൂർ- ഓണമ്പിള്ളിവഴി ചേരാനല്ലൂർ തുടങ്ങിയ റൂട്ടുകളിൽ ബസ് സർവീസ് വേണമെന്ന ആവശ്യവും ടൗണിൽ ഗതാഗതനിയമങ്ങൾ ലംഘിച്ച് വാഹനങ്ങൾ സർവീസ് നടത്തുന്നതിന് പരിഹാരം വേണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. 40 നിർദേശങ്ങളാണ് ജനകീയസദസ്സിൽ വന്നത്. പുതിയ റൂട്ടുകളെക്കുറിച്ച് ഉയർന്ന നിർദേശങ്ങൾ ക്രോഡീകരിച്ച് സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ആർടിഒ സുരേഷ് കുമാർ അറിയിച്ചു. കെഎസ്ആർടിസി സർവീസുകളെക്കുറിച്ചുള്ള പരാതി അടിയന്തരമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കെഎസ്ആർടിസി പ്രതിനിധികൾ അറിയിച്ചു. ഗതാഗതപരിഷ്കാരങ്ങളെക്കുറിച്ച് സമഗ്രമായി പഠിച്ച് ശാസ്ത്രീയമായ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി എസ്‌സിഎംഎസ് സ്കൂൾ ഓഫ് റോഡ് സേഫ്റ്റി ആൻഡ് ട്രാൻസ്പോർട്ടേഷനെ ചുമതലപ്പെടുത്തി. എൽദോസ് കുന്നപ്പിള്ളി എംഎൽഎ അധ്യക്ഷനായി. നഗരസഭാ ചെയർമാൻ പോൾ പാത്തിക്കൽ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ടി അജിത്കുമാർ, സിപിഐ എം ഏരിയ സെക്രട്ടറി സി എം അബ്ദുൾ കരീം, മൂവാറ്റുപുഴ ട്രാൻസ്പോർട്ട് ഓഫീസർ കെ കെ സുരേഷ് കുമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ ജി ദിലീപ്കുമാർ, ജോയിന്റ് ആർടിഒ എസ് അരവിന്ദൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com