സമൃദ്ധിയോടെ ഓണമാഘോഷിച്ച്‌ നാട്‌



തിരുവനന്തപുരം ഒരുമയുടെ വിളംബരമായി നാടും നഗരവും ഓണം ആഘോഷിച്ചു. അല്ലലില്ലാതെയായിരുന്നു ഇത്തവണയും മലയാളിയുടെ ഓണാഘോഷം. വയനാട്‌ ദുരന്തപശ്ചാത്തലത്തിൽ ഔദ്യോഗിക ഓണാഘോഷം ഒഴിവാക്കിയെങ്കിലും ജനങ്ങളാകെ ഓണം ആഘോഷിക്കുന്നെന്ന്‌ സർക്കാർ ഉറപ്പാക്കി. വിലക്കയറ്റം തടയാൻ സർക്കാർ നേരത്തേ വിപണിയിൽ ഇടപെട്ടിരുന്നു. സപ്ലൈകോ, ‌കൺസ്യൂഫർഫെഡ്‌, കുടുംബശ്രീ, ഹോട്ടികോർപ് മുഖേന ജില്ലാ താലൂക്ക്‌ ഫെയറുകൾ, ഓണം മാർക്കറ്റുകൾ, ഓണച്ചന്തകൾ, വിപണന സ്റ്റാളുകൾ, കർഷകച്ചന്തകൾ എന്നിവ നടത്തി. കരകൗശല ഉൽപ്പന്നങ്ങളും ഖാദി വസ്‌ത്രങ്ങളും വിലക്കുറവിൽ ലഭ്യമാക്കി. കടുത്ത സാമ്പത്തിക പ്രയാസത്തിനിടയിലും അർഹതപ്പെട്ട എല്ലാവർക്കും സർക്കാരിന്റെ സഹായവും എത്തി. വിവിധ മേഖലയിൽ നൽകാനുള്ള കുടിശ്ശിക തീർപ്പാക്കി. രണ്ടുമാസത്തെ ക്ഷേമ പെൻഷനായി 1700 കോടി രൂപയാണ്‌ അനുവദിച്ചത്‌. കെഎസ്‌ആർടിസി ജീവനക്കാർക്ക്‌ ശമ്പളവും പെൻഷനും കൃത്യമായി നൽകാനായി. ബോണസ്‌, അഡ്വാൻസ്‌, ഉത്സവബത്ത, ഓണസമ്മാനം, സൗജന്യ ഓണക്കിറ്റ്‌ തുടങ്ങിയവ വിതരണം ചെയ്‌തു. തൊഴിലുറപ്പ് തൊഴിലാളികൾ, ലോട്ടറി ജീവനക്കാർ, വിവിധ മേഖലകളിലെ തൊഴിലാളികൾ, സർക്കാർ ജീവനക്കാർ തുടങ്ങിയവരിലേക്കും സർക്കാരിന്റെ ഓണം ആനുകൂല്യങ്ങൾ എത്തി.  Read on deshabhimani.com

Related News