തിരുവോണസദ്യയുണ്ട് കാൽലക്ഷം പേർ



കളമശേരി തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിൽ അത്തംമുതൽ 10 ദിവസം നീണ്ട ഓണോത്സവം സമാപിച്ചു. പ്രസിദ്ധമായ തിരുവോണസദ്യയുണ്ണാൻ കാൽലക്ഷം പേർ എത്തി. ഞായർ രാവിലെ 10.30ന് മന്ത്രി പി രാജീവ് തിരിതെളിച്ചതോടെ സദ്യ ആരംഭിച്ചു. മന്ത്രി കുടുംബസമേതമാണ് ക്ഷേത്രത്തിലെത്തിയത്‌. ബെന്നി ബെഹനാൻ എംപി, കളമശേരി നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ, എ എൻ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. തിരുവോണം ഓഡിറ്റോറിയത്തിലും പരിസരത്തുമായി നടന്ന ഓണസദ്യ വൈകിട്ട് നാലിന്‌ സമാപിച്ചു. എടത്തല ജയപ്രകാശിന്റെ നേതൃത്വത്തിൽ 40 പേരടങ്ങുന്ന സംഘമാണ്‌ 18 വിഭവങ്ങൾ ഉൾപ്പെടെ സദ്യ ഒരുക്കിയത്‌. മുന്നൂറോളം പ്രദേശവാസികൾ വളന്റിയർമാരായി. സമാപന ദിവസമായ തിരുവോണംനാളിൽ വൈകിട്ട്‌ 4.30ന് ഉത്സവം കൊടിയിറങ്ങി. ഒമ്പത് ആനകൾ അണിനിരന്ന ആറാട്ടെഴുന്നള്ളിപ്പും കരിമരുന്നുപ്രയോഗവും നടന്നു. നൂറുകണക്കിന് പേർ പങ്കെടുത്ത കലാപരിപാടികളും ഉത്സവത്തോടനുബന്ധിച്ച് നടന്നു. Read on deshabhimani.com

Related News