വെർച്വൽ ക്യൂ തീർഥാടനം സുഗമമാക്കി: മന്ത്രി വി എൻ വാസവൻ
ശബരിമല വെർച്വൽ ക്യൂ സംവിധാനം വഴി ശബരിമല തീർഥാടകർക്ക് ആദ്യ ദിനത്തിൽ സുഗമമായ ദർശനം സാധ്യമായതായി ദേവസ്വം മന്ത്രി വി എൻ വാസവൻ. വെള്ളിയാഴ്ച നടതുറന്ന ശേഷവും ശനിയാഴ്ചയും സുഗമമായ രീതിയിൽ തീർഥാടകർക്ക് ദർശനം നടത്താനായത് ശബരിമലയിൽ സർക്കാരും ദേവസ്വം ബോർഡും ചേർന്നൊരുക്കിയ മുന്നൊരുക്കങ്ങൾ ഫലപ്രദമായി എന്നതിന്റെ തെളിവാണെന്നും മന്ത്രി പറഞ്ഞു. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സന്നിധാനത്തെ വിവിധ വകുപ്പുമേധാവികളുടെ അവലോകന യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പൊലീസിന്റെ കൃത്യമായ ഇടപെടലിലൂടെ മിനിറ്റിൽ ശരാശരി 80 പേരെ വരെ പതിനെട്ടാംപടി കയറ്റാനായി. ഇത് വലിയ നടപ്പന്തലിൽ ക്യൂ നിൽക്കേണ്ട സാഹചര്യം കുറച്ചു. തീർഥാടകർക്ക് ഒരു കുറവുമുണ്ടാകാത്ത രീതിയിൽ ശബരിമലയിലെ ക്രമീകരണങ്ങൾ പൂർത്തിയാക്കി. 70,000 പേർക്കാണ് വെർച്വൽ ക്യൂ വഴി ഒരുദിവസം ദർശനം അനുവദിക്കുന്നത്. വെർച്വൽ ക്യൂവിന്റെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തിൽ വരും ദിവസങ്ങളിലെ സ്ഥിതിഗതികൾ കൂടി വിലയിരുത്തിയശേഷമേ തീരുമാനമെടുക്കൂ എന്നും മന്ത്രി പറഞ്ഞു. എംഎൽഎമാരായ അഡ്വ. പ്രമോദ് നാരായൺ, അഡ്വ. കെ യു ജനീഷ് കുമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത്, ദേവസ്വം കമീഷണർ സി വി പ്രകാശ്, ശബരിമല എഡിഎം അരുൺ എസ് നായർ, എഡിജിപി എസ് ശ്രീജിത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com