എറണാകുളം ഗവ. മെഡിക്കൽ കോളേജ് ; വികസനക്കുതിപ്പുമായി 
12–--ാംവയസ്സിലേക്ക്



കളമശേരി എറണാകുളം ഗവ. മെഡിക്കൽ കോളേജ് സർക്കാർ മേഖലയിൽ 12–-ാംവയസ്സിലേക്ക്‌ കടക്കുമ്പോൾ സൂപ്പർ സ്പെഷ്യാലിറ്റി ഉൾപ്പെടെ ആധുനിക ചികിത്സാസൗകര്യങ്ങളുമായി കുതിപ്പിൽ. 2013 ഡിസംബർ 17ന് ഉമ്മൻ ചാണ്ടി സർക്കാർ സഹകരണവകുപ്പിൽനിന്ന്‌ ആശുപത്രി ഏറ്റെടുത്തെങ്കിലും വികസനത്തിന്‌ കാര്യമായ ഫണ്ട് അനുവദിച്ചിരുന്നില്ല. 2016ൽ അധികാരമേറ്റ എൽഡിഎഫ്‌ സർക്കാരാണ്‌ കൈപിടിച്ച് ഉയർത്തിയത്‌. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് മാത്രമായി 285.31 കോടി രൂപയാണ് കിഫ്ബിയിൽനിന്ന് ചെലവഴിക്കുന്നത്. എട്ട് നിലകളിലായി 8.27 ലക്ഷം ചതുരശ്രയടിയിൽ സൂപ്പർസ്പെഷ്യാലിറ്റി ബ്ലോക്ക് 2025 മാർച്ചിൽ പ്രവർത്തനസജ്ജമാകും. 683 കിടക്കകളുമായി  ബ്ലോക്കിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. ഗൈനക്കോളജി, പീഡിയാട്രിക് ആൻഡ് പീഡിയാട്രിക് സർജറി, ഡെന്റൽ, ഫിസിക്കൽ മെഡിസിൻ, നെഫ്രോളജി, യൂറോളജി, ഗ്യാസ്ട്രോളജി, കാർഡിയോളജി, ന്യൂറോ മെഡിസിൻ, റേഡിയോളജി എന്നീ വിഭാഗങ്ങളും ഇവയുടെ ഐപി, ഒപി, ഐസിയു എന്നിവയും 14 ഓപ്പറേഷൻ തിയറ്ററുകളും ഉൾപ്പെടുന്നതാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്. മെഡിക്കൽ കോളേജിന് എൻഎച്ച്എം അനുവദിച്ച 50 കിടക്കകളുള്ള ക്രിട്ടിക്കൽ കെയർ യൂണിറ്റിന്റെ നിർമാണം 45 ശതമാനത്തോളമായി.നിലവിൽ ദിവസം മൂവായിരത്തോളംപേർ ഒപി വിഭാഗത്തിൽ ചികിത്സതേടുന്നുണ്ട്. 600 കിടക്കകളുണ്ടെങ്കിലും അതിലുമെത്രയോപേർ കിടത്തിച്ചികിത്സയ്ക്ക്‌ എത്തുന്നു. നിപ പ്രതിരോധത്തിലും കോവിഡ് ചികിത്സയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. കാർഡിയോളജി ബ്ലോക്ക്, ഫാർമസി സ്റ്റോർ എന്നിവ നവീകരിച്ചു. നിരവധി വിഭാഗങ്ങളിൽ ആധുനിക ഉപകരണങ്ങൾ സ്ഥാപിച്ചു. 30 മാസത്തിനുള്ളിൽ 1300 ഓളം മുട്ടുമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടത്തി. ശിശുരോഗവിഭാഗത്തിൽ സെന്റർ ഓഫ് എക്‌സലൻസ്, നിർധന രോഗികൾക്കുള്ള മദദ് പദ്ധതി, ഇ ഹെൽത്ത് ആൻഡ് ഇ ഓഫീസ്, ജീവനക്കാരുടെ കുട്ടികൾക്ക് ക്രഷ് സൗകര്യം തുടങ്ങിയവയുമുണ്ട്. മൃഗങ്ങളിൽനിന്ന് മുറിവേൽക്കുന്നവർക്ക്‌ ചികിത്സയ്‌ക്കായി പ്രിവന്റിവ് ക്ലിനിക്കുണ്ട്‌. ഒപി വിഭാഗത്തിൽ എത്തുന്നവർക്ക് മാത്രമായി ബ്ലഡ് കലക്‌ഷൻ യൂണിറ്റുമുണ്ട്. Read on deshabhimani.com

Related News