സിദ്ധാർഥന്റെ മരണം: പിന്നിൽ രാഷ്ട്രീയ കാരണങ്ങളില്ല
തിരുവനന്തപുരം പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളില്ലെന്ന് ഗവർണർ നിയോഗിച്ച ജസ്റ്റിസ് ഹരിപ്രസാദ് സമിതി റിപ്പോർട്ട്. രാഷ്ട്രീയ വിരോധം കാരണം സിദ്ധാർഥന് മർദനമേറ്റുവെന്ന വാദം ശരിയല്ലെന്നും ബുധനാഴ്‌ച രാജ്‌ഭവനിൽ ഗവർണർക്ക് കൈമാറിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ സിദ്ധാർഥന് സഹപാഠികളായ വിദ്യാർഥികളിൽനിന്ന് മർദനമേറ്റിരുന്നു. ഇതിൽ എസ്‌എഫ്‌ഐ പ്രവർത്തകർ അല്ലാത്തവരുമുണ്ടായിരുന്നു. ക്യാമ്പസിൽ ഒരു വിദ്യാർഥി പ്രസ്ഥാനം മാത്രമാണ് പ്രവർ ത്തിക്കുന്നത്. അതിനാൽ രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ മർദനമേറ്റെന്ന് പറയാനാകില്ല. ക്യാമ്പസിനകത്തെ രാഷ്ട്രീയ പ്രവർത്തനങ്ങൾ ദാരുണമായ സംഭവത്തിന് കാരണമായതായി കമീഷൻ കരുതുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി 18നാണ് സിദ്ധാർഥനെ പൂക്കോട് വെറ്റിനറി കോളേജ് ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് മാർച്ചിലാണ് ഗവർണർ ഹൈക്കോടതി മുൻ ജസ്റ്റിസ് എ ഹരിപ്രസാദ് അധ്യക്ഷനായ കമീഷനെ അന്വേഷണത്തിന് നിയോഗിച്ചത്. സിദ്ധാർഥന്റെ രക്ഷിതാക്കൾ, വെറ്ററിനറി സർവകലാശാല വിസി, ഡീൻ, സിദ്ധാർഥന്റെ സഹപാഠികൾ, അധ്യാപകർ, പ്രതിപ്പട്ടികയിലുള്ള വിദ്യാർഥികളുടെ രക്ഷിതാക്കൾ തുടങ്ങിയവരിൽനിന്ന് കമീഷൻ മൊഴിയെടുത്തിരുന്നു. Read on deshabhimani.com