പെരുമ്പാവൂർ അർബൻ സഹ. ബാങ്ക് : അഴിമതിക്കെതിരെ വൻ പ്രതിഷേധം
പെരുമ്പാവൂർ യുഡിഎഫ് ഭരിക്കുന്ന അർബൻ സഹകരണ ബാങ്കിൽ കോടികളുടെ ലോൺ തട്ടിപ്പ് നടത്തിയ സംഭവത്തിൽ സഹകരണ സംരക്ഷണ മുന്നണിയുടെ ആഭിമുഖ്യത്തിൽ ബാങ്കിലേക്ക് മാർച്ചും ധർണയും നടത്തി. നിക്ഷേപസംരക്ഷണ മുന്നണിയും പ്രതിഷേധത്തിൽ പങ്കെടുത്തു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി രമേശ് ചന്ദ് അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എൻ സി മോഹനൻ, ഏരിയ സെക്രട്ടറി സി എം അബ്ദുൾ കരിം, എൻസിപി ജില്ലാ പ്രസിഡന്റ് ടി പി അബ്ദുൾ അസീസ്, കെ ഇ നൗഷാദ്, എൻ കരുണാകരൻ, എം വി സെബാസ്റ്റ്യൻ, സി കെ അസിം, സി വി ശശി, കെ പി റെജിമോൻ എന്നിവർ സംസാരിച്ചു. ഡിസിസി അംഗങ്ങളും പ്രാദേശിക നേതാക്കളും ഭരിക്കുന്ന ബാങ്കിൽ നൂറുകോടിയിൽപ്പരം രൂപയാണ് വിലകുറഞ്ഞ സ്ഥലങ്ങൾ പണയപ്പെടുത്തി തട്ടിപ്പുനടത്തിയത്. 50 ലക്ഷം രൂപ വിലയുള്ള സ്ഥലത്തിന് സഹകാരികളുടെ പേരിൽ വ്യാജ ഒപ്പിട്ട് ഭരണസമിതി മൂന്നുകോടി രൂപവരെ ലോൺ എടുത്തിട്ടുണ്ട്.നിക്ഷേപകരുടെയും സഹകാരികളുടെയും പരാതിയിൽ 18 ഭരണസമിതി അംഗങ്ങൾക്കെതിരെയാണ് സഹകരണ വകുപ്പും പൊലീസും കേസെടുത്തത്. പണയംവച്ച സ്ഥലങ്ങൾ വിൽപ്പന നടത്തിയതായും മറിച്ച് ആധാരം നടത്തിയതായും ആരോപണമുണ്ട്. പണം നഷ്ടപ്പെട്ടവർ നിക്ഷേപ സഹകരണമുന്നണിയുടെ ആഭിമുഖ്യത്തിൽ ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്. സെക്രട്ടറി, ബോർഡ് അംഗങ്ങൾ, മുൻ പ്രസിഡന്റുമാർ, മുൻ സെക്രട്ടറി എന്നിവരാണ് വായ്പ എടുത്തിട്ടുള്ളത്. പലിശ വാങ്ങാനെത്തിയ നിക്ഷേപകർക്ക് 1000 രൂപപോലും കൊടുക്കാനില്ലാത്ത അവസ്ഥയിലെത്തിയപ്പോഴാണ് പ്രതിഷേധം വ്യാപകമായത്. അപകട ഇൻഷുറൻസ് തുക നിക്ഷേപിച്ചവരും വിവാഹ ആവശ്യത്തിന് കരുതലായി നിക്ഷേപിച്ചവരും പ്രതിഷേധവുമായെത്തി. Read on deshabhimani.com