‘ഇതൊരു നല്ല കാര്യമായി എനിക്കുതോന്നി' മൂന്നാം ക്ലാസുകാരന്റെ ഡയറിക്കുറിപ്പ്‌



പാലക്കാട്‌ ‘ഇന്ന്‌ വീട്ടിൽനിന്ന്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക്‌ ഭക്ഷണ വിതരണത്തിന്റെ ഭാഗമായി ചപ്പാത്തി കൊടുത്തു. എന്തിനാണെന്ന്‌ വീട്ടിൽ തിരക്കി. ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉള്ളതാണത്രേ. ഇതൊരു നല്ല കാര്യമായി എനിക്ക്‌ തോന്നി', ചെർപ്പുളശേരി കരുമാനാംകുറുശി എയുപി സ്കൂളിലെ മൂന്നാം ക്ലാസുകാരൻ അകിരത്‌ കൃഷ്ണൻ ഡയറിയിൽ കുറിച്ചു. ഡിവൈഎഫ്‌ഐയുടെ ‘ഹൃദയപൂർവം’ പൊതിച്ചോർ പദ്ധതിയെക്കുറിച്ച്‌ അകിരത്‌ എഴുതിയ ഡയറിക്കുറിപ്പും അതിൽ ക്ലാസ് ടീച്ചർ പ്രതീക്ഷ കൂട്ടിച്ചേർത്ത വരികളും ഫേസ്‌ബുക്കിൽ ചർച്ചയാകുകയാണ്‌. കുട്ടികളോട്‌ ദിവസവും ഡയറി എഴുതാൻ പ്രതീക്ഷ പറഞ്ഞിരുന്നു. ഡയറി പരിശോധിച്ചപ്പോൾ അകിരതിന്റെ വരികൾ ശ്രദ്ധയിൽപ്പെട്ടു. ‘ഒന്നും രണ്ടുമല്ല, നാലായിരത്തിലധികം പൊതികളാണ്‌ ഒരു ദിവസം വിതരണംചെയ്യുന്നത്‌’ എന്ന്‌ ടീച്ചർ കൂട്ടിച്ചേർത്തു. ഡിവൈഎഫ്‌ഐയെക്കുറിച്ചോ ഹൃദയപൂർവം പദ്ധതിയെക്കുറിച്ചോ അകിരതിനറിയില്ല. കൂലിപ്പണിക്കാരനായ അച്ഛൻ പങ്കജാക്ഷനോട്‌ ചോദിച്ചറിഞ്ഞ്‌ അവനത്‌ ഡയറിയിൽ കുറിക്കുകയായിരുന്നു.  അധ്യാപിക ഡയറിക്കുറിപ്പ്‌ സുഹൃത്തിന്‌ പങ്കുവച്ചു. സുഹൃത്ത്‌ അത്‌ സമൂഹമാധ്യമത്തിൽ പോസ്‌റ്റ്‌ ചെയ്‌തു. പി മമ്മിക്കുട്ടി എംഎൽഎയും ഫേസ്‌ബുക്കിൽ അകിരതിന്റെ കുറിപ്പ്‌ പങ്കുവച്ചു. ഡിവൈഎഫ്‌ഐയുടെ ഔദ്യോഗിക പേജുകളിലും ഷെയർ ചെയ്‌തിട്ടുണ്ട്‌. ഹൃദയപൂർവം പദ്ധതിയെക്കുറിച്ച്‌ അടുത്തദിവസമാണ്‌ ബ്രിട്ടനിലെ ഗാർഡിയൻ പത്രം പ്രശംസിച്ചത്‌. അകിരതിന്റെ അമ്മ രമ്യ തിരുവനന്തപുരം കല്ലാർ ജിഎൽപി സ്‌കൂൾ അധ്യാപികയാണ്‌. സഹോദരൻ: യുകെജി വിദ്യാർഥി അഖിൽ കൃഷ്‌ണ. Read on deshabhimani.com

Related News