മുനമ്പം വഖഫ്‌ ഭൂമി പ്രശ്‌നം ; വാസസ്ഥലത്തുനിന്ന്‌ ആരെയും ഇറക്കിവിടില്ല: മന്ത്രി വി അബ്ദുറഹിമാൻ



കൊച്ചി വൈപ്പിൻ,  മുനമ്പം നിവാസികളുടെ വീടും സ്വത്തും സംരക്ഷിക്കുമെന്നും സംസ്ഥാന സർക്കാർ പ്രദേശവാസികൾക്ക്‌ ഒപ്പമുണ്ടാകുമെന്നും ന്യൂനപക്ഷക്ഷേമ–-വഖഫ് മന്ത്രി വി അബ്ദുറഹിമാൻ. മുനമ്പം, വൈപ്പിൻ പ്രദേശത്തെ 600 ഏക്കറോളം ഭൂമി വഖഫ്‌ ആസ്‌തിരേഖകളിൽ ഉൾപ്പെടുത്തിയ വിഷയം കോടതിയുടെ പരിഗണനയിലാണ്‌. അതുകൊണ്ടാണ്‌ സർക്കാരിന് അന്തിമനിലപാട് സ്വീകരിക്കാനാകാത്തതെന്ന്‌ മന്ത്രി പ്രസ്‌താവനയിൽ പറഞ്ഞു. പ്രശ്‌നത്തിൽ ശാശ്വതപരിഹാരം ഉണ്ടാകണമെന്നാണ്‌ സർക്കാർ ആഗ്രഹിക്കുന്നത്‌. ഒരാളെയും വാസസ്ഥലത്തുനിന്ന്‌ പുറത്താക്കില്ല. ആവശ്യമെങ്കിൽ കോടതിവിധിക്ക് വിധേയമായി, വസ്തുവിന്റെ ഉടമസ്ഥർക്ക്‌ റവന്യുരേഖകൾ നൽകാൻ നടപടി സ്വീകരിക്കും. കോടതിവിധി ഇപ്പോഴത്തെ കൈവശക്കാർക്ക് എതിരായാൽ, വഖഫ് നിയമങ്ങൾക്ക്‌ അകത്തുനിന്നുതന്നെ ന്യായമായ പരിഹാരം  കാണും. കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎയുടെ അഭ്യർഥനപ്രകാരം റവന്യുമന്ത്രികൂടി പങ്കെടുത്ത്‌ ചേർന്ന  ഉന്നതതലയോഗത്തിൽ, വസ്തുനികുതി അടയ്ക്കാൻ കൈവശക്കാർക്ക്‌ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ, കോടതി അത് സ്‌റ്റേ ചെയ്‌തു. നികുതി അടയ്ക്കുന്നതുകൊണ്ടുമാത്രം വസ്തു കൈവശമുള്ളവർക്ക്  ഉടമസ്ഥാവകാശം ലഭിക്കുന്നില്ല, ശാശ്വതപരിഹാരം ഉണ്ടാകണമെന്നാണ്‌ സർക്കാർ ആഗ്രഹിക്കുന്നത്‌. ഇതിന്റെ പേരിൽ പ്രദേശത്ത് വർഗീയധ്രുവീകരണത്തിന്‌ ശ്രമം നടക്കുന്നുണ്ട്‌. ആരും വർഗീയശക്തികളുടെയും മറ്റു തൽപ്പരകക്ഷികളുടെയും കെണിയിൽ വീഴരുത്‌. പ്രദേശവാസികളുടെ  ആവശ്യങ്ങളും സാമുദായികമൈത്രിയും സർക്കാർ സംരക്ഷിക്കുമെന്നും മന്ത്രി പ്രസ്‌താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News