കേരള ലോട്ടറിയിൽനിന്ന് ആദായനികുതി ; കഴിഞ്ഞവർഷം കേന്ദ്രത്തിന് നൽകിയത് 117 കോടി
തിരുവനന്തപുരം ലോട്ടറി സമ്മാനത്തുകയിൽനിന്ന് മാത്രം കഴിഞ്ഞ സാമ്പത്തിക വർഷം കേരളം കേന്ദ്രസർക്കാരിന് ആദായനികുതിയായി നൽകിയത് 117.66 കോടിയിലേറെ രൂപ. പുറമേ ആകെ വിറ്റ ടിക്കറ്റിന്റെ വിലയിൽനിന്നുള്ള 14 ശതമാനം ജിഎസ്‌ടിയും ലഭിക്കുന്നു. സംസ്ഥാനത്തിനേക്കാളേറെ വരുമാനം കേന്ദ്രസർക്കാരിനാണ് ലഭിക്കുന്നത്. പ്രതിദിന ലോട്ടറിക്കു പുറമേ, ആറു ബംപർ നറുക്കെടുപ്പാണ് ഒരുവർഷം സംസ്ഥാനത്തുള്ളത്. തിരുവോണം ബമ്പറിനാണ് ഉയർന്ന സമ്മാനത്തുക–-25 കോടി. സമ്മാനത്തുകയിൽനിന്ന് 30 ശതമാനമാണ് ആദായനികുതി. ഇത്തവണ 80 ലക്ഷം ഓണം ബംപർ ടിക്കറ്റുകൾ വിപണിയിലെത്തിച്ചതിൽ 71.43 ലക്ഷം വിറ്റഴിച്ചു. 500 രൂപയുടെ ടിക്കറ്റ് വിൽക്കുമ്പോൾ 100 രൂപ ഏജൻസി കമീഷൻ കഴിച്ച് 400 രൂപയാണ് സർക്കാരിന് ലഭിക്കുക. 28 ശതമാനമാണ് ജിഎസ്‌ടി. അതായത്, 500 രൂപയുടെ ടിക്കറ്റിന് 112 രൂപ. ഇതെല്ലാം കഴിച്ച് 288 രൂപയാണ് ലഭിക്കുക. ഇതിൽനിന്നാണ് സമ്മാനത്തുക, അച്ചടിച്ചെലവ്, പരസ്യം, മറ്റു ചെലവുകൾ എന്നിവ നിർവഹിക്കുക. 71.43 ലക്ഷം ടിക്കറ്റ് വിറ്റപ്പോൾ ഏജൻസി കമീഷൻ കഴിച്ച് 285.72 കോടിയാണ് ലഭിച്ചത്. ഇതിൽനിന്ന് 80 കോടി ജിഎസ്‌ടി അടക്കണം. ബാക്കി 205.72 കോടിയുണ്ടാകും. ജിഎസ്‌ടിയിലെ സംസ്ഥാന വിഹിതമായ 40 കോടി ഉൾപെടെ 245.72 കോടിയാകും. ഇതിൽനിന്ന് 125.54 കോടി സമ്മാനത്തുകയായി നൽകുമ്പോൾ ബാക്കിയുണ്ടാവുക 120.18 കോടി. 80 ലക്ഷം രൂപ അച്ചടിച്ചെലവും പരസ്യത്തിനും മറ്റു ചെലവും കൂടി കഴിഞ്ഞാൽ സർക്കാരിന് ലഭിക്കുക നാമമാത്രമായ തുകയാണ്. അതേസമയം ഓണം ബമ്പറിലുടെമാത്രം ജിഎസ്‌ടിയും ആദായനികുതിയുമായി കേന്ദ്രസർക്കാരിന് ലഭിക്കുക 55 കോടിയിലേറെ രൂപയും. 25 കോടിയുടെ ഒന്നാം സമ്മാനത്തുകയിൽനിന്ന് മാത്രം ആദായനികുതിയായി 6.75 കോടി, 37 ശതമാനം സർചാർജ് ആയി 2.50 കോടി, നാല് ശതമാനം സെസ് ആയി 36.99 ലക്ഷം എന്നിങ്ങനെ 9.62 കോടി രൂപ കേന്ദ്രത്തിന് ലഭിക്കും. Read on deshabhimani.com