സ്വയംതൊഴിൽ വായ്പ ; ഭിന്നശേഷിക്കാർക്ക് 
35.77 ലക്ഷം സബ്സിഡി : ആർ ബിന്ദു



തിരുവനന്തപുരം സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻവഴി സ്വയംതൊഴിൽ വായ്പയെടുത്ത് സംരംഭങ്ങൾ തുടങ്ങിയവർക്ക് ഈ സാമ്പത്തികവർഷം 35.77 ലക്ഷം രൂപ സബ്സിഡി അനുവദിച്ചതായി മന്ത്രി ആർ ബിന്ദു. കോർപ്പറേഷനിൽനിന്ന് നേരിട്ടും മറ്റ് ദേശസാൽക്കൃത ബാങ്കുകൾവഴിയും 2024–- -25 സാമ്പത്തികവർഷം പത്തുവരെ അനുവദിച്ച സബ്സിഡി തുകയാണിത്. കൃത്യമായി വായ്പ തിരിച്ചടയ്‌ക്കുന്ന, ഒരുലക്ഷം രൂപവരെ വാർഷികവരുമാനമുള്ള ഭിന്നശേഷിക്കാർക്കാണ് സബ്സിഡി. 46 ഗുണഭോക്താക്കൾക്ക് വിവിധ ബാങ്കുകളിലേക്ക് 10.31 ലക്ഷം രൂപയും കോർപ്പറേഷൻ നേരിട്ട് വായ്പ നൽകുന്ന പദ്ധതിയിൽ 40 പേർക്ക് 25.46 ലക്ഷം രൂപയുമാണ് അനുവദിച്ചത്. സർക്കാർ പ്ലാൻ ഫണ്ടിൽനിന്ന് അനുവദിച്ച തുക 86 ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ എത്തും. സ്വയംതൊഴിലിനായും വാഹന, -ഭവന ആവശ്യങ്ങൾക്കായും 50 ലക്ഷം രൂപവരെയാണ് നാമമാത്ര പലിശനിരക്കിൽ കോർപ്പറേഷൻ നേരിട്ട് വായ്പ നൽകുന്നത്. ഭിന്നശേഷി വിദ്യാർഥികൾക്ക് നാലു ശതമാനം പലിശനിരക്കിൽ 50 ലക്ഷം വരെ വിദ്യാഭ്യാസ വായ്പയും നൽകുന്നുണ്ട്.   Read on deshabhimani.com

Related News