കേസന്വേഷണം ശാസ്ത്രീയമാകണമെന്ന്‌ ഹൈക്കോടതി



കൊച്ചി കേസുകളിൽ ശാസ്ത്രീയ അന്വേഷണത്തിന് ശ്രമിക്കാതെ പരമ്പരാഗതരീതികള്‍ പൊലീസ് ആശ്രയിക്കുന്നതിനാൽ പിഴവ് സംഭവിക്കുന്നതായും കുറ്റവാളികൾ രക്ഷപ്പെടുന്നതായും ഹൈക്കോടതിയുടെ നിരീക്ഷണം. പ്രോസിക്യൂഷൻവാദം ഇതുമൂലം ദുർബലപ്പെടുന്നു. അതിനാൽ, ശാസ്ത്രീയ അന്വേഷണ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഫലപ്രദമായ അന്വേഷണം നടത്തണമെന്നും ജസ്റ്റിസ് വി രാജ വിജയരാഘവനും ജസ്റ്റിസ് പി വി ബാലകൃഷ്ണനും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിലയിരുത്തി. പൊലീസിലെ തുടക്കക്കാർക്കടക്കം ശാസ്ത്രീയ അന്വേഷണരീതി മനസ്സിലാക്കാൻ ആഭ്യന്തരവകുപ്പ് കേന്ദ്രീകൃത വി‌ജ്ഞാന സംവിധാനം സ്ഥാപിക്കണമെന്നും കോടതി നിർദേശിച്ചു. അന്വേഷണത്തിന് ആധുനിക ശാസ്ത്രീയരീതികളും സാങ്കേതികതയും  പ്രയോജനപ്പെടുത്താനും നിർദേശിച്ചു.  ഒന്നരവയസ്സുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ്‌ റദ്ദാക്കിയ ഉത്തരവിലാണ് ഡിവിഷൻബെഞ്ചിന്റെ നിരീക്ഷണം. യുവതി എട്ടുവർഷമായി മനോരോഗ ചികിത്സയിലാണെന്നും രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നുമുള്ള വസ്തുതകൾ പൊലീസ് കണക്കിലെടുത്തില്ലെന്ന് കോടതി വിലയിരുത്തി. പ്രതിയുടെ രോഗാവസ്ഥ, ചികിത്സ എന്നിവയുടെ ശാസ്ത്രീയതെളിവുകള്‍ പൊലീസ് ഹാജരാക്കിയില്ല. പ്രതി നേരിടുന്ന മാനസികവെല്ലുവിളി സംബന്ധിച്ച് സാക്ഷിമൊഴികളും രേഖപ്പെടുത്തിയില്ല. ഇവരുടെ മാനസികാവസ്ഥയെക്കുറിച്ച് അന്വേഷിക്കാൻ അന്വേഷണോദ്യോഗസ്ഥൻ ബാധ്യസ്ഥനാണ്. ഈ സാഹചര്യത്തിലാണ് 2018ലുണ്ടായ സംഭവത്തിൽ കൊലക്കുറ്റവും ശിക്ഷയും റദ്ദാക്കിയത്. Read on deshabhimani.com

Related News