കുടുംബശ്രീ പങ്കാളിത്തത്തില്‍ കൂടുമത്സ്യക്കൃഷി വന്‍വിജയമാക്കാം: മനാഷ് ചൌധുരി



കൊച്ചി > സിഎംഎഫ്ആര്‍ഐയുടെ സാങ്കേതികവിദ്യ മതിയായ രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ 2022 ഓടെ നാലുലക്ഷം ടണ്‍ മത്സ്യം കൂടുമത്സ്യക്കൃഷിയിലൂടെ രാജ്യത്ത് ഉല്‍പ്പാദിപ്പിക്കാനാകുമെന്ന് നീതി ആയോഗ് ഡെപ്യൂട്ടി അഡ്വൈസര്‍ മനാഷ് ചൌധുരി. സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണനുമായുള്ള ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മത്സ്യവിത്ത്, തീറ്റ, നിക്ഷേപത്തിനാവശ്യമായ മറ്റ് കാര്യങ്ങള്‍ എന്നിവയുടെ സാമ്പത്തിക അവലോകനം അനിവാര്യമാണെന്നും കുടുംബശ്രീ യൂണിറ്റുകളുടെ പങ്കാളിത്തത്തോടെ കേരളത്തില്‍ കൂടുമത്സ്യക്കൃഷി വന്‍വിജയമാക്കാമെന്നും അദ്ദേഹം പറഞ്ഞു.  ദേശീയ സമുദ്രമത്സ്യമേഖലാ വികസന സൂചിക തയ്യാറാക്കണമെന്നും ദേശീയ സമുദ്രമത്സ്യ വികസനപദ്ധതി രൂപീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ബ്ളൂ ഇക്കോണമിയുടെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച 'സാഗര്‍മാല' പദ്ധതിയിലെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് വികസനപദ്ധതി തയ്യാറാക്കേണ്ടത്. സമുദ്രജൈവവൈവിധ്യങ്ങളുടെ സാധ്യതയും പരിമിതികളും പഠനവിധേയമാക്കി പദ്ധതി രൂപീകരിക്കണം. സമുദ്രജല ക്കൃഷിയില്‍ സ്വകാര്യനിക്ഷേപത്തിന് തടസമാകുന്ന കാരണങ്ങള്‍ കണ്ടെത്തി പരിഹാരം നിര്‍ദേശിക്കാനും പദ്ധതിക്ക് കഴിയണം. സിഎംഎഫ്ആര്‍ഐയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന വിവിധ സംസ്ഥാനങ്ങളിലെ പഠനങ്ങള്‍, നയരൂപീകരണം, വികസനരേഖ തുടങ്ങിയവ രാജ്യത്തെ സമുദ്രമത്സ്യോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് സഹായകരമാണ്. വരുമാനം, ഭൌതികസാഹചര്യം, സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണം, സമുദ്രസമ്പത്തിന്റെ ലഭ്യത എന്നിവ അടിസ്ഥാനമാക്കിയാണ് നയരൂപീകരണം നടത്തേണ്ടതെന്നും അദ്ദേഹം നിര്‍ദേശിച്ചു.   Read on deshabhimani.com

Related News