മാടായി കോളേജ്‌ നിയമനം ; എം കെ രാഘവനെതിരെ 
നടപടിക്ക്‌ സമ്മർദം



കണ്ണൂർ കോൺഗ്രസുകാർ തെരുവിൽ തമ്മിലടിച്ച  മാടായി കോളേജിലെ നിയമനവിഷയത്തിൽ എം കെ രാഘവൻ എംപിക്കെതിരെ നടപടിക്ക്‌ സമ്മർദം ചെലുത്തി ഐ ഗ്രൂപ്പ്‌. നടപടിയെടുക്കുന്നില്ലെങ്കിൽ കടുത്ത നിലപാടിലേക്ക്‌ പോകുമെന്നാണ്‌ മുന്നറിയിപ്പ്‌. പ്രാദേശികവികാരം കത്തിച്ചുനിർത്തി രാഘവനെയും എ ഗ്രൂപ്പിനെയും ഒതുക്കുകയാണ്‌ ലക്ഷ്യം. മാടായി കോളേജ്‌ ഭരണസമിതിയുടെ ചെയർമാനാണ്‌ എം കെ രാഘവൻ. കെപിസിസി പ്രസിഡന്റിന്റെയും ഡിസിസി നേതൃത്വത്തിന്റെയും മൗനാനുവാദത്തോടെയാണ്‌ എം കെ രാഘവനെതിരായ പ്രതിഷേധം അരങ്ങേറിയത്‌. നിയമനത്തിനായി അഭിമുഖം നടന്ന ദിവസംതന്നെ രാഘവനെ കോളേജിൽ തടഞ്ഞു. അന്ന്‌ വൈകിട്ട്‌ ഡയറക്ടർമാർക്കെതിരെ ഡിസിസി നേതൃത്വം നടപടിയുമെടുത്തു. രാത്രി രാഘവന്റെ വീട്ടിലേക്ക്‌ നടത്തിയ പ്രകടനത്തിനും കോലംകത്തിക്കലിനും ഡിസിസി സെക്രട്ടറി രജിത്ത്‌ നാറാത്താണ്‌ ചുക്കാൻപിടിച്ചത്‌. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ കർശന നിർദേശത്തിനുശേഷമാണ്‌ ഇവർക്കെതിരെ നടപടിയുണ്ടായത്‌. സംഭവത്തിൽ കെ എസ്‌ ബ്രിഗേഡിന്റെ ഇടപെടലിനെക്കുറിച്ചും എ ഗ്രൂപ്പ്‌ കെപിസിസി സമിതിയെ അറിയിച്ചതായാണ്‌ സൂചന. മുതിർന്ന നേതാക്കളായ രമേശ്‌ ചെന്നിത്തലയും എം എം ഹസനും എം കെ രാഘവന്‌ അനുകൂലമായാണ്‌ നിലപാടെടുത്തത്‌. കോലം കത്തിച്ചത്‌ അംഗീകരിക്കാനാകില്ലെന്ന്‌ കെ മുരളീധരനും നിലപാടെടുത്തു. കോലം കത്തിച്ചതിന്‌ പുറത്താക്കിയവരുമായാണ്‌ പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ കണ്ണൂരിൽ കൂടിക്കാഴ്‌ച നടത്തിയത്‌. എ ഗ്രൂപ്പിനും എം കെ രാഘവനുമെതിരായ പരസ്യ പ്രതിഷേധം നേതൃത്വത്തിന്റെ  അറിവോടെയാണൈന്നത്‌ സാധൂകരിക്കുന്നതാണ്‌ ഇത്‌. എം കെ രാഘവനെതിരായ നീക്കം നേരത്തേ തുടങ്ങിയിരുന്നതായി എ ഗ്രൂപ്പ്‌ നേതാക്കൾ പറഞ്ഞു. എം കെ രാഘവനെതിരെ നടപടിയെടുക്കാനാകില്ലെന്നതാണ്‌ കെപിസിസിയെ കുഴക്കുന്നത്‌. Read on deshabhimani.com

Related News