വിശദീകരണം തള്ളിയാലും സർക്കാർ ഉറച്ചുതന്നെ ; കേന്ദ്ര നിയമങ്ങൾക്കെതിരെ ഇതിനുമുമ്പും സുപ്രീംകോടതിയിൽ പോയിട്ടുണ്ടെന്ന് സർക്കാർ



പൗരത്വ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ പോയത്‌ നിയമവിരുദ്ധമാണെന്ന്‌  ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ  ആവർത്തിച്ചെങ്കിലും ഹർജിയിൽ സർക്കാർ ഉറച്ചുനിൽക്കും. ഗവർണറുമായി ചീഫ്‌ സെക്രട്ടറി തിങ്കളാഴ്‌ച നടത്തിയ കൂടിക്കാഴ്‌ചയിലും ഇത്‌ സംബന്ധിച്ച്‌ വ്യക്തമായ സൂചന  നൽകി. പൗരത്വനിയമ ഭേദഗതിക്ക്‌ സംസ്ഥാന സർക്കാർ എതിരാണ്‌. ഇതുമായി ബന്ധപ്പെട്ട സംശയനിവൃത്തി വരുത്തേണ്ടത്‌ അനിവാര്യമാണ്‌. അതിനാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. കേന്ദ്ര നിയമങ്ങൾക്കെതിരെ ഇതിനുമുമ്പും സുപ്രീംകോടതിയിൽ പോയിട്ടുണ്ടെന്നും സർക്കാർ ഗവർണറോട്‌ വ്യക്തമാക്കി. സുപ്രീംകോടതിയെ സമീപിച്ചത്‌ പ്രോട്ടോകോൾ ലംഘനമാണെന്നാണ്‌ ഗവർണർ രണ്ട്‌ ദിവസംമുമ്പ്‌ ആരോപിച്ചത്‌. തിങ്കളാഴ്‌ച ‘എന്റെ അനുമതി വേണ്ട, പക്ഷേ അറിയിക്കാനുള്ള ബാധ്യതയുണ്ട്‌’ എന്ന നിലയിലേക്ക്‌ അദ്ദേഹം എത്തി.  ചീഫ്‌ സെക്രട്ടറിയുടെ വിശദീകരണം തൃപ്‌തികരമല്ലെന്ന്‌ ഗവർണർ വെളിപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന്റെ അടുത്ത നടപടി എന്തെന്ന ചർച്ചയും ചൂടുപിടിച്ചിട്ടുണ്ട്‌.  വിശദീകരണം ചോദിച്ച്‌ നൽകിയ കത്തിന്‌ ചീഫ്‌ സെക്രട്ടറി രേഖാമൂലം മറുപടി നൽകും. ആ കത്ത്‌ ഗവർണർ തള്ളുമോ കൊള്ളുമോ എന്നതാണ്‌ പ്രശ്‌നം. ഈ വിഷയത്തിൽ മുഖ്യമന്ത്രിക്ക്‌ ഇതുവരെ ഗവർണർ കത്തൊന്നും നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ വിശദീകരണം നൽകാൻ അദ്ദേഹം  ബാധ്യസ്ഥനുമല്ല. ചീഫ്‌ സെക്രട്ടറിയുടെ രേഖാമൂലമുള്ള വിശദീകരണം തള്ളിയാലും ഗവർണർക്ക്‌ അതിന്മേൽ അനന്തരനടപടിയെടുക്കുന്നതിന്‌ ഭരണഘടനാപരമായിത്തന്നെ പരിമിതിയുമുണ്ട്‌. മുഖ്യമന്ത്രിയെ വിളിച്ചുവരുത്താനോ ശാസിക്കാനോ   ഗവർണർക്ക്‌   അധികാരമില്ലെന്ന്‌ നിയമവൃത്തങ്ങൾ പറയുന്നു. ചീഫ്‌ സെക്രട്ടറി നൽകുന്ന രേഖമൂലമുള്ള വിശദീകരണം നിരസിച്ചാലും സർക്കാരിനെതിരെ ഒന്നും ചെയ്യാനുമാകില്ല.  തന്റെ അനുമതിയോടെയല്ല സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതെന്ന്‌ കേന്ദ്രത്തിന്‌ റിപ്പോർട്ട്‌ നൽകാൻ കഴിഞ്ഞേക്കും.  അത്രമാത്രം. ഡൽഹിയിലേക്കുള്ള യാത്രയ്‌ക്ക്‌ തൊട്ടുമുമ്പാണ്‌ കഴിഞ്ഞ ദിവസങ്ങളിലെല്ലാം സർക്കാരിനെതിരെ ഗവർണർ പ്രതികരിച്ചത്‌. തിങ്കളാഴ്‌ച സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ പേരെടുത്തുപറഞ്ഞ്‌ നടത്തിയ പ്രതികരണമാണ്‌ ശ്രദ്ധേയം.    യെച്ചൂരിക്ക്‌ മറുപടി പറയാൻ അവസരം തെരഞ്ഞെടുത്തതിന്‌ പിന്നിലും മറ്റെന്തോ ലക്ഷ്യങ്ങളുണ്ടെന്നുവേണം കരുതാൻ.  23നാണ്‌ ഗവർണർ ഇനി കേരളത്തിൽ തിരിച്ചെത്തുന്നത്‌. അതിനുമുമ്പ്‌ ചീഫ്‌ സെക്രട്ടറി രാജ്‌ഭവന്‌ രേഖാമൂലം മറുപടി നൽകും. Read on deshabhimani.com

Related News