2500 കേന്ദ്രങ്ങളിൽ ഇന്ന്‌ എസ്‌എഫ്‌ഐ പ്രതിഷേധം



തിരുവനന്തപുരം കോവിഡ്-19 വ്യാപന പശ്ചാത്തലത്തിൽ രാജ്യത്തെ വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ ബുധനാഴ്‌ച സംസ്ഥാനത്ത്‌ 2500 കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന്‌ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അറിയിച്ചു. അഖിലേന്ത്യാ പൊതുവിദ്യാഭ്യാസ സംരക്ഷണഫോറത്തിന്റെ ആഹ്വാനപ്രകാരമാണ്‌ പ്രതിഷേധം. ലോക്ക് ഡൗണിനുശേഷമുള്ള ഓൺലൈൻ പരീക്ഷകൾ, ഓൺലൈൻ മൂല്യനിർണയം, ക്ലാസുകൾ  തുടങ്ങിയ വിഷയങ്ങളിലുള്ള അവ്യക്തതകൾ പരിഹരിക്കുക, അധ്യായനം പുനരാരംഭിക്കുമ്പോൾ പരീക്ഷ നീളുന്ന സാഹചര്യം ഒഴിവാക്കുക, സർവകലാശാലകൾ പരിഷ്കരിച്ച അക്കാദമിക്ക് കലണ്ടർ തയ്യാറാക്കുക, അവസാന സെമസ്റ്റർ വിദ്യാർഥികൾക്ക് മുൻഗണന നൽകി പരീക്ഷകൾ കലണ്ടർ പ്രകാരം നടത്തുക, വിദ്യാർഥികൾക്ക്  ഫെലോഷിപ്പുകൾ വേഗത്തിൽ വിതരണം ചെയ്യുക, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പഠനാവശ്യങ്ങൾക്കായി പോയി കുടുങ്ങിയ വിദ്യാർഥികളെ സൗജന്യമായി അവരുടെ നാടുകളിൽ  എത്തിക്കുക, സിഎഎ വിരുദ്ധ വിദ്യാർഥി പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരെ കരിനിയമങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യുന്ന നടപടികളിൽനിന്ന് പിന്മാറുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ്‌ പ്രതിഷേധം. എസ്എഫ്ഐ ഉൾപ്പടെയുള്ള മുപ്പതോളം വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിലാണ് അഖിലേന്ത്യാതലത്തിലെ പ്രക്ഷോഭം. ലോക്ക്ഡൗണിന്റെ പരിമിതികൾക്കുള്ളിൽനിന്ന്‌ സാമൂഹ്യ അകലവും സുരക്ഷയും ഉറപ്പാക്കി വിദ്യാർഥികൾ പ്രതിഷേധ ദിനത്തിന്റെ ഭാഗമാകണമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷും സെക്രട്ടറി കെ എം സച്ചിൻദേവും അറിയിച്ചു. Read on deshabhimani.com

Related News