‘തേനമൃത്' പോഷക ബാർ വിതരണത്തിന് തുടക്കം
തിരുവനന്തപുരം പോഷണക്കുറവുള്ള കുട്ടികൾക്കായി വനിതാ ശിശുവികസന വകുപ്പും കാർഷിക സർവകലാശാലയും സംയുക്തമായി വികസിപ്പിച്ച ‘തേനമൃത്’ പോഷക ബാറുകളുടെ വിതരണത്തിന് തുടക്കം. സെക്രട്ടറിയറ്റ് ലയം ഹാളിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ, കൃഷി മന്ത്രി വി എസ് സുനിൽകുമാർ എന്നിവർ ചേർന്നാണ് ന്യൂട്രി ബാർ വിതരണം ഉദ്‌ഘാടനം ചെയ്തത്. ‘മാതൃ–- ശിശു മരണനിരക്കിൽ കേരളം പിറകിലാണ്. എന്നാൽ, പോഷണക്കുറവുള്ള കുട്ടികളെക്കൂടി ശ്രദ്ധിച്ചുമാത്രമേ കുട്ടികളുടെ ആരോഗ്യം പൂർണമായി സംരക്ഷിക്കാനാകൂ. പലതരം ചേരുവകൾ ചേർന്ന ഭക്ഷണത്തിലൂടെ മാത്രമേ എല്ലാ പോഷകമൂല്യങ്ങളും ലഭിക്കൂ. അതിനാലാണ് പുതിയ പരീക്ഷണമായി തേനമൃത് ആവിഷ്‌കരിച്ചത്. നിലക്കടല, എള്ള്, റാഗി, സോയ ബീൻസ്, മറ്റ് ധാന്യങ്ങൾ, ശർക്കര തുടങ്ങി 12 ചേരുവകൾ ഉപയോഗിച്ചാണ് ന്യൂട്രി ബാർ ഉണ്ടാക്കിയിരിക്കുന്നത്’ എന്നും മന്ത്രി പറഞ്ഞു. കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളേജിലെ കമ്യൂണിറ്റി സയൻസ് വിഭാഗമാണ് തേനമൃത് തയ്യാറാക്കിയത്. ഇത് വ്യാവസായിക അടിസ്ഥാനത്തിൽ നിർമിക്കാൻ ശ്രമിക്കുമെന്ന് വി എസ് സുനിൽ കുമാർ പറഞ്ഞു. ശുദ്ധമായ തേൻ കുട്ടികൾക്ക് എത്തിക്കുന്നതും പരിഗണനയിലുണ്ട്. ജനങ്ങളിൽ ആരോഗ്യ ശീലം വളർത്താൻ കൃഷി വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നു. ‘നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം’, ‘ഹെൽത്തി പ്ലേറ്റ്’ തുടങ്ങിയവ ഇതിൽ പ്രധാനമാണ്. ഹെൽത്തി പ്ലേറ്റ് പിന്നീട് ജീവനിയായി. അതാണ് നിലവിൽ സുഭിക്ഷ കേരളമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എല്ലാ ജില്ലയിലും വിതരണം ചെയ്യാൻ 100 ഗ്രാം വീതമുള്ള 1,15,000 ന്യൂട്രി ബാറുകൾ തയ്യാറാക്കുന്നു. Read on deshabhimani.com