കേന്ദ്രവകുപ്പുകളിൽ പദവി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്: 2 എൻഡിഎ നേതാക്കൾക്കെതിരെ കേസ്
കൊച്ചി കേന്ദ്രസർക്കാർ വകുപ്പുകളിൽ ഉന്നതപദവിയും ജോലിയും വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ എൻഡിഎ മുന്നണിയിലെ സംസ്ഥാനത്തെ രണ്ട് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. എൽജെപി (ആർ) ദേശീയ സെക്രട്ടറി രമ ജോർജ്, യുവജനവിഭാഗം ദേശീയ സെക്രട്ടറിയും റെയിൽവേ ബോർഡ് അംഗവുമായ രാഹുൽ സുരേഷ് എന്നിവർക്കെതിരെയാണ് പാലാരിവട്ടം, എറണാകുളം സൗത്ത് പൊലീസ് സ്‌റ്റേഷനുകളിൽ കേസെടുത്തത്. എറണാകുളം കലൂർ ഏയ്‌സ് നിംബസ് ഫ്ലാറ്റിൽ മഞ്ജുള ഉണ്ണിക്കൃഷ്‌ണൻ, മാവേലിക്കര രഘുമന്ദിരത്തിൽ ആർ അനീഷ്‌കുമാർ എന്നിവരാണ് പരാതിക്കാർ. രമ ജോർജ് ഒറ്റയ്‌ക്കും ഇരുവരും ചേർന്നും പരാതിക്കാരിൽനിന്ന് പലപ്പോഴായി 26 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. കേന്ദ്രഭരണത്തിലെ ബന്ധം ഉപയോഗിച്ച് വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഉന്നതപദവിയും ജോലിയും വാഗ്‌ദാനം ചെയ്‌താണ് യെല്ലൊ റാം വെഞ്ചേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ചെയർപേഴ്‌സൺകൂടിയായ രമ ജോർജ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു. മഞ്ജുളയുടെ സുഹൃത്ത് ഉണ്ണിക്കൃഷ്‌ണനെ ഫുഡ് കോർപറേഷൻ അംഗമാക്കാമെന്നായിരുന്നു വാഗ്‌ദാനം. പ്രതിഫലമായി രണ്ടുതവണയായി 15 ലക്ഷം രൂപ വാങ്ങി. മഞ്ജുളയെ സെൻസർ ബോർഡ് അംഗമാക്കാമെന്നു പറഞ്ഞ് അഞ്ചുലക്ഷവും കൈപ്പറ്റി. ഓഫീസ് നന്നാക്കാൻ 3.25 ലക്ഷവും വാങ്ങി. വാക്ക് പാലിക്കാതായതോടെ പണം തിരിച്ചുചോദിച്ചെങ്കിലും 50,000 രൂപയാണ് നൽകിയത്. കേസ് പിൻവലിക്കാൻ ഭീഷണിയുണ്ടെന്ന് മഞ്ജുള പറഞ്ഞു. അനീഷ്‌കുമാർ കഴിഞ്ഞ ജൂണിലാണ് പരാതി നൽകിയത്. മിൽമയിൽ സിസ്റ്റം സൂപ്പർവൈസറാക്കാമെന്നു പറഞ്ഞ് 2,10,000 രൂപ ഇരുവരും ചേർന്ന് തട്ടിയെന്നാണ് പരാതി. രാഹുൽ സുരേഷ് എംഡിയായ കടവന്ത്രയിലെ റാഫ് കൺസ്‌ട്രക്‌ഷൻ കമ്പനിയിലായിരുന്നു കൂടിക്കാഴ്‌ച. എഫ്‌സിഐ ബോർഡ് അംഗമാണെന്ന വ്യാജരേഖയും കാണിച്ചത്രേ. ജോലി ലഭിക്കാതായതോടെ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. Read on deshabhimani.com