വേദനകളിൽ 
 സാന്ത്വനമേകി



കൊച്ചി ‘‘കുഞ്ഞുനാളിൽ കൊച്ചിയിലെ ക്രിക്കറ്റ്‌ മൈതാനങ്ങളിൽ അതിവേഗത്തിൽ പന്തെറിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. വിക്കറ്റിനുമുന്നിൽ നിലയുറപ്പിച്ച ബാറ്റർമാർക്കുനേരെ സ്വിങ്ങറുകൾ പായിച്ചിരുന്ന കാലം. ഹിന്ദുസ്ഥാൻ ലീവറിൽ ജോലിക്ക്‌ കയറിയപ്പോഴും കുറേക്കാലം കളി തുടർന്നു. ഇന്ന്‌ കിടന്നകിടപ്പാണ്‌ സഖാവേ.’’ അവശത അനുഭവിക്കുന്ന കിടപ്പുരോഗികൾക്ക്‌ ആശ്വാസമേകാൻ വീട്ടിലെത്തിയ കനിവ്‌ പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ കെയർ ചെയർമാൻ സി എൻ മോഹനനോട്‌  മനസ്സു തുറക്കുകയായിരുന്നു എളമക്കര മുരുകേശ്‌ ഗോവിന്ദ്‌ ദേശ്‌ പാണ്ഡേ (76). പാരമ്പര്യമായി കുടുംബാംഗങ്ങളിൽ പലരെയും ബാധിച്ച അസുഖമാണ്‌ മുരുകേശിനും പിടിപെട്ടത്‌. ദേഹമാസകലം കടുത്ത വേദന, കൈകാലുകൾ തളർച്ച. മറ്റു നിർവാഹമില്ലാതായതോടെ സർവീസിൽനിന്ന്‌ വിരമിക്കുംമുന്നേതന്നെ വളന്ററി റിട്ടയർമെന്റ്‌ എടുത്തു. ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ സജീവപ്രവർത്തകനായിരുന്ന ഇദ്ദേഹം അവിവാഹിതനാണ്‌. കടുത്ത വേദനയിലും സഹോദരങ്ങളായ ഗീത, ഉഷ, ജയശ്രീ, സുധ, രേഖ, മധു എന്നിവരെ ജീവിതപ്പാതയിലേക്ക്‌ കൈപിടിച്ചുയർത്തി. രണ്ടു വർഷംമുന്നേ ശരീരമാകെ അസ്സഹനീയ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ്‌ കിടപ്പിലായത്‌. അസുഖബാധിതയായി സഹോദരി ജയശ്രീയും ഇതേ വീട്ടിലുണ്ട്‌. എളമക്കരയിൽ സിപിഐ എം ഏരിയ സെക്രട്ടറി സി മണി, കനിവ്‌ ട്രഷറർ പി എച്ച്‌ ഷാഹുൽ ഹമീദ്‌, ആർ നിഷാദ്‌ ബാബു തുടങ്ങിയവർ സി എൻ മോഹനനോടൊപ്പം വീടുകളിലെത്തി.  കനിവ് 2017 മുതലാണ്‌ പ്രവർത്തനം ആരംഭിച്ചത്. ഇരുപതിലേറെ സൗജന്യ ഫിസിയോതെറാപ്പി സെന്ററുകൾ പ്രവർത്തിക്കുന്നു. 15 പാലിയേറ്റീവ് വാനുകളും ഹോം കെയർ പ്രവർത്തനത്തിന്‌ 1000 വളന്റിയർമാരും സേവനരംഗത്തുണ്ട്‌.കനിവ് ആഭിമുഖ്യത്തിൽ ഏരിയ കമ്മിറ്റികൾക്കുകീഴിൽ 17ന് ആരംഭിച്ച ഭവനസന്ദർശനം ചൊവ്വാഴ്‌ച പൂർത്തിയാകും. പറവൂരിൽ എസ്‌ ശർമ, മൂവാറ്റുപുഴയിൽ ഗോപി കോട്ടമുറിക്കൽ, പി ആർ മുരളീധരൻ, വെണ്ണലയിൽ സി എം ദിനേശ് മണി, രാമല്ലൂരിൽ എസ്‌ സതീഷ്‌, ഗാന്ധിനഗറിൽ മേയർ എം അനിൽകുമാർ, തൃക്കാക്കരയിൽ ഡോ. ജോ ജോസഫ്‌, എം പി ഉദയൻ, കോലഞ്ചേരിയിൽ സി ബി ദേവദർശനൻ, തൃപ്പൂണിത്തുറയിൽ എം സി സുരേന്ദ്രൻ, ആലുവയിൽ എ പി ഉദയകുമാർ, കോതമംഗലത്ത് ആർ അനിൽകുമാർ, ആന്റണി ജോൺ എംഎൽഎ, പള്ളുരുത്തിയിൽ ജോൺ ഫെർണാണ്ടസ്, കൊച്ചിയിൽ കെ ജെ മാക്സി എംഎൽഎ, വൈപ്പിൻകരയിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ, പെരുമ്പാവൂർ അഡ്വ. പുഷ്പ ദാസ് കൂത്താട്ടുകുളം പി ബി രതീഷ്, കുത്തുകുഴി വലിയപാറയിൽ ആർ അനിൽകുമാർ, കളമശേരിയിൽ സി കെ പരീത്‌ എന്നിവർ വീടുകളിൽ എത്തി കിടപ്പുരോഗികളെ സന്ദർശിച്ചു. Read on deshabhimani.com

Related News