‘കരി’മേഘം നീങ്ങി; നിറയും ആനച്ചന്തം
തൃശൂർ ആനയെഴുന്നള്ളിപ്പിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തതോടെ പൂരപ്രേമികളടക്കം ആഹ്ലാദത്തിൽ. തൃശൂർ പൂരം, ആറാട്ടുപുഴ പൂരം തുടങ്ങി കേരളത്തിൽ 1600 ഓളം ക്ഷേത്രങ്ങളിൽ ഉത്സവം നടക്കാനിരിക്കെയാണ് എഴുന്നള്ളിപ്പുകൾ നടത്താൻ കഴിയാത്തവിധം ഹൈക്കോടതി വിധിയുണ്ടായത്. ഇതു കേരളത്തിലെ പരമ്പരാഗത ഉത്സവങ്ങൾക്കുമേൽ കരിനിഴൽ വീഴ്‌ത്തി. യുനെസ്‌കോ അംഗീകരിച്ച ലോക സൗന്ദര്യപട്ടികയിൽ ഇടംപിടിച്ചതാണ് തൃശൂർ പൂരം. 36 മണിക്കൂർ നീളുന്ന പൂരച്ചടങ്ങുകളിൽ ആനകൾക്ക് ഏറെ പ്രാധാന്യമുണ്ട്. ഇതൊന്നും ഹൈക്കോടതി പരിഗണിച്ചില്ല. എഴുന്നള്ളിപ്പിൽ ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം പാലിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ പ്രധാന നിർദേശം. തൃശൂർ പൂരത്തിന്റെ പ്രധാന ആകർഷണമാണ് കുടമാറ്റം. ഇതിനായി തെക്കേഗോപുര നടയിലാണ് തിരുവമ്പാടി–- പാറമേക്കാവ് വിഭാഗത്തിന്റെ 15 ആന വീതം മുഖാമുഖം അണിനിരക്കുക. ഇത് നടത്താനാവാത്ത സ്ഥിതിയായി. വടക്കുന്നാഥ ക്ഷേത്രത്തിനുള്ളിൽ ഇലഞ്ഞിത്തറ മേളത്തിനും പുറത്ത് ശ്രീമൂലസ്ഥാനത്തും മൂന്നുമീറ്റർ അകലം പാലിക്കാൻ ബുദ്ധിമുട്ടാണ്. മറ്റ് ഉത്സവങ്ങളിൽ ക്ഷേത്രത്തിനകത്തെ എഴുന്നള്ളിപ്പുകളും നടത്താനാവില്ല. ആനയുമായി കാണികൾ എട്ടു മീറ്റർ അകലം പാലിക്കണമെന്ന നിർദേശവും പ്രതിസന്ധി തീർത്തു. രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ ആനകളെ പൊതുനിരത്തിലൂടെ എഴുന്നള്ളിക്കരുതെന്ന വ്യവസ്ഥയും നടപ്പാക്കാൻ കഴിയാത്തതാണ്. പൂരങ്ങൾക്കും നേർച്ചകൾക്കും പെരുന്നാളുകൾക്കുമെല്ലാം പകൽ സമയത്താണ് ആനകളെ എഴുന്നള്ളിക്കാറ്. രാത്രി പത്തുമുതൽ നാലുവരെ ആനകളുടെ യാത്ര പാടില്ലെന്ന നിബന്ധന ആറാട്ടുപുഴ പൂരം അടക്കമുള്ള എല്ലാരാത്രി പൂരങ്ങളെയും പ്രതിസന്ധിയിലാക്കുന്നതായി. വെടിക്കെട്ട് സ്ഥലവും ആനയും തമ്മിൽ 100 മീറ്റർ ദൂരപരിധി, ആനയും തീവെട്ടിയും തമ്മിൽ അഞ്ചുമീറ്റർ ദൂരപരിധി, ആനകൾ നിൽക്കുന്ന സ്ഥലത്ത് ബാരിക്കേഡ് എന്നീ നിബന്ധനകളും പ്രായോഗികമാക്കാൻ ബുദ്ധിമുട്ടാണ്. വിധി സ്വാഗതാർഹം സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നതായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. കേരളത്തിലെ പൂരങ്ങളും പെരുന്നാളുകളും നേർച്ചകളുമെല്ലാം നല്ല രീതിയിൽ നടത്താനാകും. എല്ലാ ക്ഷേത്രങ്ങളിലും ഉത്സവങ്ങൾ തടസമില്ലാതെ നടത്താൻ കേന്ദ്ര– സംസ്ഥാന സർക്കാരുകൾ ഇടപെടണം. വെടിക്കെട്ടിന് ഏർപ്പെടുത്തിയ കേന്ദ്ര നിബന്ധനകൾ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തടസ്സം നീങ്ങി പൂരങ്ങളിൽ ആനയെഴുന്നള്ളത്തിന് തടസങ്ങളാണ് സുപ്രീംകോടതി വിധിയോടെ നീങ്ങിയതെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ്‌കുമാർ. മൃഗസംരക്ഷണത്തിന്റെ പേരിൽ കപട മൃഗസ്‌നേഹികളാണ് രംഗത്തുവരുന്നത്. ഇവരാണ് എഴുന്നള്ളത്തിനെ എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിക്ക് രൂക്ഷ വിമർശം നാട്ടാന പരിപാലന നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായ കേരള ഹൈക്കോടതി നിർദേശങ്ങളെ കടുത്ത ഭാഷയിലാണ് ജസ്റ്റിസുമാരായ ബി വി നാഗരത്നയും എൻ കെ സിങ്ങും കടന്നാക്രമിച്ചത്. സ്വമേധാകേസ് എടുത്ത് ഉത്തരവുകൾ നൽകുന്ന രീതി എപ്പോഴും ഭൂഷണമല്ല. ചട്ടങ്ങൾ ലംഘിക്കപ്പെട്ടുവെന്ന പരാതിയില്ലങ്കിൽ സ്വമേധയാ കേസെടുത്ത് ഉത്തരവ് നൽകുന്നത് ചില സന്ദർഭങ്ങളിൽ തികച്ചും അനാവശ്യമാണ്. ആനകൾ തമ്മിൽ മൂന്നുമീറ്റർ അകലം പാലിക്കണമെന്ന നിർദേശത്തിന്റെ യുക്തിയും ബെഞ്ച് ചോദ്യം ചെയ്‌തു. ട്രക്കുകളിൽ ആനകളെ കൊണ്ടു പോകുന്നതിനേക്കാൾ നല്ലത് നടത്തിക്കൊണ്ട് പോകുന്നതാണെന്നും നിരീക്ഷിച്ചു. പകൽ സമയത്ത് എഴുന്നള്ളിപ്പ് നടക്കവെ പകൽ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ ഏഴുന്നള്ളിപ്പ് പാടില്ലെന്ന ഹൈക്കോടതി നിർദേശത്തിന്റെ യുക്തിയും ബെഞ്ച് ചോദ്യം ചെയ്‌തു. കടുത്ത ചൂടാണ് കാരണമെന്ന് മൃഗസ്‌നേഹികളുടെ സംഘടന വാദിച്ചു. ആനകൾക്ക് കൂടുതൽനേരം നിൽക്കാൻ കഴിയില്ല, ചൂടിന് പുറമേ ജനത്തിരക്കും തീയും അലങ്കാരങ്ങളും ബുദ്ധിമുട്ടാണ്ടുക്കുന്നുണ്ടെന്നും വാദിച്ചെങ്കിലും കോടതി തള്ളി. കേരളം ഹിമാലയത്തിലല്ലെന്നും ചൂട് കാണുമെന്നും ജസ്‌റ്റിസ് നാഗരത്ന മറുപടി നൽകി. ആനകൾ ഉണ്ടെന്നറിഞ്ഞാണ് ആളുകൾ ഉത്സവത്തിന് വരുന്നത്. ഭയമുള്ളവർക്ക് അമ്പലത്തിലേ പോകാതിരിക്കാം. ആളുകൾ അറിഞ്ഞുകൊണ്ട് സാഹസികമായാണ് ആനകൾക്ക് മുമ്പിൽ നിൽക്കുന്നത്. മനുഷ്യരുടെ സ്വഭാവം പോലും പ്രവചിക്കാനാവില്ല. അപ്പോൾ എങ്ങനെയാണ് മൃഗത്തിന്റെ സ്വഭാവം പ്രവചിക്കാനാവുക. കാടുകളിൽപ്പോലും ആനകൾക്ക് വൈദ്യുതാഘാമേൽക്കുന്നുണ്ട്. ഇത്തരം വിഷയങ്ങൾ മൃഗസ്‌നേഹികൾക്ക് പ്രശ്‌നമല്ലേ?–-സുപ്രീംകോടതി ചോദിച്ചു. Read on deshabhimani.com