എഐ നമ്മൾ ഉദ്ദേശിച്ച ആളല്ല
മദ്യവും ലഹരിവസ്തുക്കളും ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ നിർമിതബുദ്ധിയുടെ (എഐ) സഹായത്തോടെ പ്രവർത്തിക്കുന്ന കാമറ. ലഹരിവസ്തുക്കൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരുടെ പെരുമാറ്റം എഐ കാമറകൾ വിശകലനംചെയ്യുമെന്നതാണ് പ്രത്യേകത തയ്യാറാക്കിയത് ശ്രീരാജ് ഓണക്കൂർ ഹർഷാദ് മാളിയേക്കൽ എസ് കിരൺബാബു സങ്കലനം മിഥുൻ കൃഷ്ണ ഓസ്‌ട്രേലിയയിൽ റോഡിൽ ജീവൻ പൊലിയുന്നവരുടെ എണ്ണത്തിൽ നവംബറിൽ വൻവർധന. 2023 നവംബറിലേതിനെക്കാൾ 30.3 ശതമാനം കൂടുതൽ. അധികാരികൾ തലപുകച്ചു. പരിശോധന കർശനമാക്കി. ഹെൽമറ്റും ലൈസൻസും പേപ്പറുകളും ഓക്കെ. വില്ലൻ മദ്യവും മറ്റു ലഹരികളും. സഹായത്തിന് ഓസ്‌ട്രേലിയൻ കമ്പനി അക്യുസെൻസസ് മുന്നോട്ടുവന്നു. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ നിർമിത ബുദ്ധിയുടെ (എഐ) സഹായത്തോടെ പ്രവർത്തിക്കുന്ന കാമറ അവതരിപ്പിച്ചു. കിറുങ്ങി വണ്ടിയോടിക്കുന്നവരുടെ പെരുമാറ്റം റഡാറുകൾ ഘടിപ്പിച്ച കാമറകൾ വിശകലനംചെയ്യും. സംശയം തോന്നിയാൽ വിവരം പൊലീസിലെത്തിക്കും. പട്രോളിങ് ടീമിന് വാഹനം പരിശോധിക്കാം. അക്യൂസെൻസ് ഇത് ബ്രിട്ടണിൽ പരീക്ഷാണാടിസ്ഥാനത്തിൽ സ്ഥാപിച്ചിരുന്നു. ഓസ്‌ട്രേലിയയിലും ഇത് നടപ്പാക്കുകയാണ്. അവിടെ പ്രതിപക്ഷം കുട്ടയും മുറവുമായി ഇറങ്ങുമോ എന്നറിയില്ല. നമുക്കും വേണം ഇത്തരം കാമറകൾ. ഓരോ നിയമലംഘനവും പിടിക്കപ്പെടണം. വളവ് നിവർത്തിയാൽ? റോഡ് മികച്ചതായാൽ അപകടം കുറയുമോ? ഇല്ലെന്ന് വിദഗ്ധർ. 2023ലെ നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം വളവുകളില്ലാത്ത പാതയിലാണ് അപകടം ഏറ്റവും കൂടുതൽ (28546). ഇതിൽ 2366 പേർ മരിച്ചു. 22174 പേർക്ക് ഗുരുതരമായി പരിക്കേറ്റു. വളവുകളിലാകട്ടെ അപകടം 5714. മരണം 558. വൈകിട്ട് ആറിനും രാത്രി ഒമ്പതിനും ഇടയിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ അപകടം. 2023ലെ ആകെ 48091 അപകടങ്ങളിൽ 10118 എണ്ണവും ഈ സമയത്ത്. മരിച്ചത് 856 പേർ. പകൽ മൂന്നിനും ആറിനും ഇടയിൽ 9522 അപകടങ്ങളിലായി 639 മരണം. കേരളത്തിലെ റോഡുകളുടെ ആകെ ദൈർഘ്യം 2,38,773.02 കിലോമീറ്ററാണ്. സംസ്ഥാനത്തെ വാഹനപ്പെരുപ്പം വികസിത രാജ്യങ്ങൾക്കൊപ്പമാണെന്നാണ് ആസൂത്രണ ബോർഡിന്റെ സാമ്പത്തികാവലോകന റിപ്പോർട്ട്. വാഹനപ്പെരുപ്പത്തിനൊപ്പം റോഡിൽ ഇടമുണ്ടാക്കാനും ചോരവീഴാതിരിക്കാനും എൽഡിഎഫ് സർക്കാർ പ്രതിബദ്ധമാണ്. റോഡ് വികസനം ലോകനിലവാരത്തിലേക്ക് കുതിക്കുന്നു. 2026 ഓടെ കാസർകോട്–-തിരുവനന്തപുരം ദേശീയപാത 66 വികസനം പൂർത്തിയാകും. മലയോര തീരദേശ ഹൈവേകൾ നിർമാണഘട്ടത്തിലാണ്. ഗ്രാമീണ റോഡുകൾ ഉന്നത നിലവാരത്തിലായി. റോഡ് പരിപാലനം ഉറപ്പാക്കാൻ റണ്ണിങ് കോൺട്രാക്ട് സംവിധാനവും നടപ്പാക്കി. ലക്ഷ്യം ഒന്നുമാത്രം. പരമാവധി വേഗത്തിൽ സുരക്ഷിതയാത്ര. വേണം, സൂചനാ ബോർഡുകൾ രാത്രിയിലും ഡ്രൈവറുടെ ശ്രദ്ധ കിട്ടുംവിധം അപകടകരമായ വളവുകൾ, സ്ഥിരം അപകടമുണ്ടാകുന്നയിടങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ തിരിച്ചറിയാൻ കൂടുതൽ സൂചനാ ബോർഡുകൾ സ്ഥാപിക്കണം. ആശുപത്രി, സ്‌കൂൾ, കോളേജ് എന്നിവ അടുത്തുണ്ടെന്ന് സൂചിപ്പിക്കുന്ന ബോർഡുകളും അത്യാവശ്യം. തിരക്കേറിയ സ്ഥലങ്ങളിൽ വേഗത കുറയ്‌ക്കണമെന്ന സൂചന ബോർഡുകൾ കൂടുതൽ സ്ഥാപിക്കുന്നത് അപകടം കുറയ്‌ക്കും. നോ എൻട്രി, വൺവേ എന്നിവ തിരിച്ചറിയുന്നതിനുള്ള ബോർഡുകളും കൂടുതൽ വേണം. റോഡ് നിർമാണമോ അറ്റകുറ്റപണികളോ നടക്കുന്ന സ്ഥലങ്ങളിലും മുന്നറിയിപ്പ് വേണം. കുട്ടിഡ്രൈവർമാരുടെ അഭ്യാസങ്ങൾ ജൂലെെയിൽ കോഴിക്കോട് എലത്തൂരിൽ റോഡ് മുറിച്ചു കടന്ന സ്‌ത്രീയെ ഇടിച്ചിട്ട് കടന്നുകളഞ്ഞ കാർ പിന്തുടർന്ന് കസ്റ്റഡിയിലെടുത്ത പൊലീസുകാർ ഞട്ടി. വാഹനമോടിച്ചതും മൂന്നു യാത്രികരും കൗമാരക്കാർ. കുട്ടിഡ്രൈവർമാർക്കെതിരെ ഇത്തരത്തിൽ 2023ൽ സംസ്ഥാനത്ത് 402 കേസാണ് രജിസ്റ്റർ ചെയ്‌തത്. കൗമാരപ്രായക്കാർ ഉണ്ടാക്കുന്ന റോഡപകടം മൂന്നിരട്ടി അധികമാണെന്ന് കണക്ക്. 18ന് താഴെയുള്ള വിദ്യാർഥികളിൽ 81.4 ശതമാനം ഒരു തവണയെങ്കിലും ഡ്രൈവ് ചെയ്‌തുവെന്നാണ് ഇന്റർനാഷണൽ ജേണൽ ഓഫ് അപ്ലൈഡ് സയൻസ് പഠന റിപ്പോർട്ട്. പ്രായപൂർത്തിയാവത്തവർ വാഹനമോടിച്ചാൽ രക്ഷിതാവിനോ ഉടമയ്‌ക്കോ മൂന്ന് വർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷം റദ്ദാക്കും. ചുളുവിൽ ലൈസൻസ് വേണ്ട സംസ്ഥാനത്തെ റോഡ് അപകടങ്ങൾ കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനസർക്കാർ ഡ്രൈവിങ് ടെസ്റ്റ് അടിമുടി പരിഷ്‌കരിക്കുന്നത്. എച്ചും റോഡ് ടെസ്റ്റും മാത്രം എടുത്ത് ലൈസൻസ് കരസ്ഥമാക്കാമെന്ന രീതി അവസാനിപ്പിച്ച് ആധുനിക രീതി നടപ്പാക്കുകയാണ് ലക്ഷ്യം. ചുളുവിൽ ലൈസൻസ് കിട്ടാത്ത വിധം ടെസ്റ്റും നടപടിക്രമങ്ങളും കർശനമാക്കി. പുതിയ പരിഷ്‌കാരം നടപ്പായാൽ ആംഗുലർ പാർക്കിങ്, പാരലൽ പാർക്കിങ്, ‘z’ പോലെ വളവും കയറ്റവുമുള്ള സിഗ്-സാഗ് ഡ്രൈവിങ്, കയറ്റത്തിൽ നിർത്തി എടുക്കേണ്ട ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ പാസാകേണ്ടതുണ്ട്. സംസ്ഥാനത്ത് അഞ്ച് കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂളുകളും ആരംഭിച്ചു. 11 സ്‌കൂളുകൾ കൂടി ആരംഭിക്കും. ഫസ്റ്റ് എയ്ഡ് പരിശീലനം ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഹോ, അവൾ അത്രയ്ക്കായോ? വനിതാ ഡ്രൈവർ ഓവർടേക്ക് ചെയ്‌താൽ അമിതവേഗമെടുത്തായാലും അവരെ മറികടക്കണമെന്ന വാശിയുള്ള ചില പുരുഷകേസരികളുണ്ട്. റോഡ് നന്നാക്കിയ ശേഷം നിയമം പാലിക്കാമെന്ന് വാദിക്കുന്നവരുമുണ്ട്. നിരത്തിൽ മര്യാദയും അച്ചടക്കവും പാലിക്കുന്ന, വേഗാസക്തിയെ മറികടക്കുന്ന റോഡ് സംസ്‌കാരം വളരണം. ലെയ്‌ൻ ട്രാഫിക്കും അപകട സാധ്യത മുൻകൂട്ടി കാണാനുള്ള പ്രതിരോധ ഡ്രൈവിങ് രീതിയും പഠിക്കണം. കൂടുതൽ സൂക്ഷ്‌മതയോടെ വണ്ടി ഓടിക്കണം. രണ്ടുവരിപ്പാതയിലൂടെയായാലും മൂന്നുവരിപ്പാതയിലൂടെയായാലും ഇടതു വശത്തുകൂടെ ഓവർടേക്ക് ചെയ്യരുത്. സീബ്രാ ലൈനിൽ മുൻഗണന കാൽനടയാത്രികർക്കാണെന്ന് ഡ്രൈവർമാരും വാഹനം പോകാനുള്ള പച്ചവിളക്ക് തെളിഞ്ഞാൽ കാൽനടയാത്രികർ വാഹനങ്ങൾക്ക് മുൻഗണന നൽകണമെന്ന വിവേകവും വളരണം. പ്രീ പ്രൈമറി തലം മുതൽ തന്നെ ട്രാഫിക് ബോധവൽക്കരണം പാഠ്യപദ്ധതിയിൽ ഉൾചേർക്കുന്നത് സർക്കാർ ആലോചിക്കുകയാണ്. Read on deshabhimani.com