കരുമാല്ലൂർ പഞ്ചായത്ത് ഭരണം പിടിക്കാൻ 
കോൺഗ്രസ്–-ബിജെപി രഹസ്യനീക്കം



കരുമാല്ലൂർ കരുമാല്ലൂർ പഞ്ചായത്ത് ഭരണം പിടിക്കാൻ കോൺഗ്രസ്–-ബിജെപി അവിശുദ്ധനീക്കം. വെള്ളിയാഴ്ച നടക്കുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്–-ബിജെപി കൂട്ടുകെട്ടിനുള്ള സാധ്യത തെളിയുന്നു. നിലവിൽ പഞ്ചായത്ത് ഭരണം എൽഡിഎഫിനാണ്. ഇത് അട്ടിമറിക്കാനാണ് കോൺഗ്രസ് ഉന്നതനേതൃത്വത്തിന്റെ അറിവോടെയുള്ള ഒത്തുകളി. നിലവിലെ 20 അംഗ ഭരണസമിതിയിൽ എൽഡിഎഫിനും യുഡിഎഫിനും ഒമ്പത് വീതവും, ബിജെപി ഒന്ന്, സ്വതന്ത്രൻ ഒന്ന് എന്നതാണ് കക്ഷിനില. എൽഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി വിജയിച്ച മുഹമ്മദ് മെഹ്‌ജൂബിന്റെ പിന്തുണയോടെയാണ് എൽഡിഎഫ് പഞ്ചായത്ത് ഭരണംപിടിച്ചത്. എൽഡിഎഫിലെ ധാരണപ്രകാരം പ്രസിഡന്റായിരുന്ന ശ്രീലത ലാലുവും വൈസ് പ്രസിഡന്റായിരുന്ന ജോർജ് മേനാച്ചേരിയും രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ഇടത് സ്വതന്ത്രനായ മുഹമ്മദ് മെഹ്‌ജൂബിന്റെ പിന്തുണ യുഡിഎഫ് ഉറപ്പിച്ചതായി സൂചനയുണ്ട്. എന്നാൽ, ഇതുവരെ ഇടതുപക്ഷ ഭരണത്തിന് പിന്തുണ നൽകിയിരുന്ന മുഹമ്മദ് മെഹ്‌ജൂബിനെ വൈസ് പ്രസിഡന്റ് ആക്കുന്നതിൽ യുഡിഎഫിനുള്ളിൽ അമർഷം പുകയുകയാണ്. ഇതുമൂലം സ്വന്തം പാളയത്തിൽനിന്നുതന്നെ അട്ടിമറിപ്രതീക്ഷ യുഡിഎഫ് ക്യാമ്പിൽ ശക്തമാണ്. കൂടാതെ ഇരുതെരഞ്ഞെടുപ്പിലും എൽഡിഎഫ് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യണമെന്നുള്ള വിപ്പ് മുഹമ്മദ് മെഹ്‌ജൂബിന് ഇടതുപക്ഷം നൽകിയിട്ടുണ്ട്. ഇതോടെയാണ് എതുവിധേനയും ഭരണം പിടിക്കാനായി ബിജെപി അംഗത്തിന്റെ പിന്തുണ ഉറപ്പിക്കാൻ യുഡിഎഫ് ശ്രമിക്കുന്നത്. വെള്ളിയാഴ്ച ആലുവയിൽ നടന്ന യുഡിഎഫ് പാർലമെന്ററി പാർടി യോഗത്തിൽ ബിജെപി അംഗം മോഹൻ കുമാറും സ്വതന്ത്ര അംഗം മുഹമ്മദ് മെഹ്‌ജൂബും പങ്കെടുത്തതായി സൂചനയുണ്ട്.ചർച്ചനടന്ന വിവരം പുറത്തുവന്നത് കോൺഗ്രസ് അണികളിൽ ഞെട്ടലുണ്ടാക്കി. പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ വിശ്വസ്തരാണ് കരുമാല്ലൂർ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ളത്. സതീശന്റെ സ്വന്തം തട്ടകത്തിൽത്തന്നെ പഞ്ചായത്ത് ഭരണം പിടിക്കാനായി ഇത്തരമൊരു രഹസ്യബാന്ധവമൊരുങ്ങുന്നത് വരുംദിവസങ്ങളിൽ കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടാക്കും. Read on deshabhimani.com

Related News