സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു
ഉദയംപേരൂർ കണ്ടനാട് ജെബി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. കുട്ടികൾ എത്തുന്നതിനുമുമ്പായതിനാൽ വൻ അപകടം ഒഴിവായി. 100 വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിന്റെ മേൽക്കൂരയാണ് വ്യാഴം രാവിലെ 9.25 ഓടെ തകർന്നുവീണത്. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലെയും പ്രീസ്കൂളിലെയും വിദ്യാർഥികൾ സ്കൂളിലെത്തിയിരുന്നില്ല. അങ്കണവാടി ഹെൽപ്പർ ലിസി സേവ്യർ അപകടം നടക്കുമ്പോൾ കെട്ടിടത്തിലുണ്ടായിരുന്നെങ്കിലും ശബ്ദം കേട്ടതിനെ തുടർന്ന് ഓടിമാറിയതിനാൽ രക്ഷപ്പെട്ടു. ഓടുമേഞ്ഞ കെട്ടിടത്തിന്റെ മേൽക്കൂര മുഴുവനായും തകർന്നുവീണു. കെട്ടിടത്തിലെ അങ്കണവാടിയിലും പ്രീസ്കൂളിലുമായി ആറു കുട്ടികളാണുള്ളത്. തകർന്നുവീണ കെട്ടിടത്തിന്റെ സമീപത്തുള്ള പുതിയ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ കാലപ്പഴക്കം കാരണം എം സ്വരാജ് എംഎൽഎയായിരുന്ന സമയത്ത് പുതിയ കെട്ടിടം നിർമിച്ച് എൽപി വിഭാഗം മാറ്റിയെങ്കിലും അങ്കണവാടിയും പ്രീസ്കൂളും പഴയ കെട്ടിടത്തിൽ തുടരുകയായിരുന്നു. സ്കൂളിലെ കുട്ടികൾ ഉച്ചസമയത്ത് ഭക്ഷണം കഴിക്കാനെത്തുന്നതും തകർന്ന കെട്ടിടത്തിലാണ്. വെള്ളിയാഴ്ച സ്കൂളിലെ ക്രിസ്മസ് ആഘോഷവും ഇവിടെ നടത്താൻ തീരുമാനിച്ചിരുന്നതാണ്. Read on deshabhimani.com