നൈപുണ്യ വികസനം ലക്ഷ്യം വച്ച് പുതിയ പദ്ധതികൾ ആവിഷ്‌ക്കരിക്കും: മന്ത്രി ടി പി രാമകൃഷ്‌ണൻ



തിരുവനന്തപുരം > ഭാവി കേരളത്തിനായി നൈപുണ്യശേഷി വികസിപ്പിക്കുന്നതിനും പുതിയ തൊഴിൽമേഖലകളുടെ സാധ്യതകൾ ആരായുന്നതിനും ശ്രമിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണൻ. കൊവിഡ്-19ന്റെ പശ്ചാത്തലത്തിൽ കേരളത്തിന്റെ വ്യവസായ-വാണിജ്യ-തൊഴിൽ മേഖലയുടെ വികസനം സംബന്ധിച്ച് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് കേരള ചാപ്റ്റർ ഭാരവാഹികളുമായി നടത്തിയ വെബിനാർ  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമസ്ത മേഖലകളെയും പ്രതിസന്ധികളിൽ നിന്ന് കൈപിടിച്ചുയർത്തി അതിജീവനത്തിന്റെ പാതയിലേക്ക് നയിക്കുകയെന്ന വലിയ ഉത്തരവാദിത്വമാണ് സർക്കാരിന് മുന്നിലുള്ളത്.വ്യവസായ-വാണിജ്യ-തൊഴിൽ-ഉൽപ്പാദനമേഖലകൾ സജീവമാക്കുകയും ശക്തിപ്പെടുത്തുകയും വേണം.പുനരുജ്ജീവനപദ്ധതികളിലൂടെ നിലവിലെ അവസ്ഥ മറികടക്കാനാണ്  ഗവൺമെന്റിന്റെ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. നിലവിലുള്ള തൊഴിലും  വരുമാനവും സംരക്ഷിക്കുകയും, സമ്പദ്വ്യവസ്ഥക്ക് കരുത്തേകുന്നതിനുള്ള പുതിയ മാർഗങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യും. ഈ ദിശയിലുള്ള ആസൂത്രിതമായ ഇടപെടലാണ് കോവിഡിനുശേഷമുള്ള കാലത്തുണ്ടാകേണ്ടത്. നൈപുണ്യ വികസനം ലക്ഷ്യം വച്ച് സർക്കാർ പുതിയ പദ്ധതികൾ ആവിഷ്‌ക്കരിക്കും. നിലവിലുള്ള തൊഴിൽമേഖലയുടെ നിലനിൽപ്പും ശാക്തീകരണവും, ഉൽപ്പാദനം വർധിപ്പിക്കൽ, തൊഴിലിടങ്ങളിലെ സുരക്ഷിതത്വവും  തൊഴിലാളികളുടെ വേതനവും ആനുകൂല്യങ്ങളും ഉറപ്പുവരുത്തൽ, തൊഴിൽ നിയമങ്ങളുടെ സംരക്ഷണം തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തി ഭാവി ആസൂത്രണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.  സംരംഭകർക്ക് സർക്കാർ എല്ലാവിധ പ്രോത്സാഹനവും നൽകും.തൊഴിലാളി-തൊഴിലുടമാ സൗഹൃദത്തിൽ ഊന്നിനിന്നുകൊണ്ടുളള വ്യവസായാന്തരീക്ഷം സൃഷ്ടിക്കാൻ എല്ലാവരുടെയും സഹകരണത്തോടെ സർക്കാരിന് കഴിഞ്ഞു. ഇത് വ്യവസായ-തൊഴിൽമേഖലയുടെ അഭിവൃദ്ധിക്ക് അടിസ്ഥാനമാകണം. പശ്ചാത്തലസൗകര്യവികസനത്തിലുണ്ടായ മുന്നേറ്റവും ഏറെ  അനുകൂലഘടകമാണ്. ഇവയെല്ലാം പരമാവധി പ്രയോജനപ്പെടുത്തി വ്യവസായാഭിവൃദ്ധി കൈവരിക്കേണ്ടതുണ്ട്. സർക്കാർ കൊണ്ടു വന്ന തൊഴിൽ നയം വഴി കേരളത്തിലെ തൊഴിൽ-നിക്ഷേപ മേഖലകളിൽ രൂപപ്പെട്ട ആരോഗ്യകരമായ അന്തരീക്ഷം നിലനിർത്താൻ തൊഴിലാളികളും തൊഴിലുടമകളും സഹകരിച്ച് നീങ്ങണം.ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങുന്ന അനാവശ്യപ്രവണത തൊഴിലാളി യൂണിയനുകളുടെ സഹകരണത്തോടെ സർക്കാർ അവസാനിപ്പിച്ചുകഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.  നാടിന് അനുയോജ്യമായ വ്യവസായങ്ങളെ ആകർഷിക്കാനും വ്യാവസായികാന്തരീക്ഷം ശക്തിപ്പെടുത്താനും വിപുലമായ പദ്ധതി ആവിഷ്‌കരിക്കും.  സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന് 3434 കോടി രൂപയുടെ സഹായം ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഉദ്പാദനവും വരുമാനവും വർധിപ്പിക്കണം. അതിനായി തൊഴിലാളികളും തൊഴിലുടമകളും അഭിപ്രായ സമന്വയം ഉണ്ടാക്കി മുന്നോട്ട് പോകണം. തൊഴിലാളികളുടെ ജീവിതം സംരക്ഷിക്കുകയെന്ന നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.    തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിവരുന്ന പ്രവാസികളുടെ തൊഴിൽപരമായ കഴിവുകൾ പ്രയോജനപ്പെടുത്താൻ  അവസരം ഒരുക്കേണ്ടതുണ്ട്. പ്രവാസികളിൽ വിദഗ്ധ-അവിദഗ്ധ തൊഴിലാളികളുണ്ട്. ഇവരുടെ നൈപുണ്യശേഷി വികസിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ ഒരുക്കുന്നതിനും പ്രത്യേക ഇടപെടൽ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നൈപുണ്യ വികസനം ലക്ഷ്യമാക്കി വിവിധ നൈപുണ്യ വികസന കേന്ദ്രങ്ങളെയും സംയോജിപ്പിച്ച് സംസ്ഥാന നൈപുണ്യ വികസന മിഷനായി കേരളാ അക്കാദമി ഫോർ സ്‌കിൽ എക്സലൻസ് -(കെയ്സ്)രൂപീകരിച്ചിട്ടുണ്ട്. തൊഴിൽ വകുപ്പിന്റെ കീഴിലുള്ള എംപ്ലോയ്മെന്റ് എക്സചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ, കരിയർ ഡവലപ്മെന്റ് സെന്റർ മുതലായവയെല്ലാം നൈപുണ്യ വികസനത്തിനും കൂടുതൽ തൊവിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് പ്രവർത്തിക്കുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ തിരുവനന്തപുരം മാതൃകാജില്ലയായി എടുത്ത് പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നത് പൂർത്തിയായി വരുന്നു. തൊഴിലുള്ളവരെത്ര, ജോലി ലഭിക്കാത്തവരെത്ര എന്നീ കണക്കുകൾ പരിശോധിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പ്ലാന്റേഷൻ മേഖലയിൽ സർക്കാർ ഒരു പൊതുനയം എല്ലാ വിഭാഗങ്ങളുമായി ചർച്ച നടത്തി രൂപീകരിച്ചിട്ടുണ്ട്. ഇത് ഉടൻ പ്രഖ്യാപിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. തോട്ടം മേഖലയിൽ ഇടവിള കൃഷി അനുവദിക്കുന്നതു സംബന്ധിച്ച് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് കേരള ചാപ്റ്റർ ഭാരവാഹികളും ചാപ്റ്ററിന്റെ വിവിധ വ്യവസായ മേഖലാ പ്രതിനിദികളും വെബിനാറിൽ സംബന്ധിച്ചു. Read on deshabhimani.com

Related News