കൊച്ചി വിമാനത്താവളത്തിൽ ഒരുകോടിയുടെ കള്ളക്കടത്ത് പിടിച്ചു
നെടുമ്പാശേരി നികുതിവെട്ടിച്ച് കടത്താൻ ശ്രമിച്ച, ഒരുകോടി രൂപ വിലമതിക്കുന്ന സാധനങ്ങൾ കൊച്ചി വിമാനത്താവളത്തിൽ എയർ കസ്‌റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ചൊവ്വ രാവിലെ എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽനിന്നെത്തിയ തമിഴ്നാട് സ്വദേശികളായ സെയ്ദ്, നവാസ്, ജയ്നുലാബ്ദീൻ എന്നിവരാണ് കള്ളക്കടത്തുസാധനങ്ങളുമായി പിടിയിലായത്. മൂന്നുപേരും പാന്റ്‌സിന്റെ പോക്കറ്റിൽ ഒളിപ്പിച്ചുകടത്തിയ സ്വർണമാലകൾക്കുപുറമെ ഐഫോൺ, ഡ്രോൺ കാമറ, ആപ്പിൾ വാച്ച്, ലാപ്‌ടോപ് തുടങ്ങിയവയും പിടികൂടി. സെയ്ദിന്റെ പക്കൽനിന്ന് 10 ലക്ഷം വിലവരുന്ന 150 ഗ്രാമിന്റെ രണ്ട് സ്വർണമാലകൾ, നാല് ഡ്രോൺ കാമറകൾ, ഐഫോൺ 15 പ്രോ മാക്സ് 12 എണ്ണം, രണ്ട് ആപ്പിൾ വാച്ചുകൾ, ഐഫോൺ 13 പ്രോ 11 എണ്ണം, 12 ലാപ്ടോപ്പുകൾ എന്നിവ പിടികൂടി. ആകെ 40 ലക്ഷം വിലവരുന്ന സാധനങ്ങളാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്. നവാസിന്റെ പക്കൽനിന്ന് 105 ഗ്രാം സ്വർണമാല, ഡ്രോൺ കാമറ, ഐഫോൺ 12 പ്രൊ 15 എണ്ണം, ഐഫോൺ 15 പ്രോ 15 എണ്ണം, 15 പ്രോ മാക്സ് നാലെണ്ണം, ഗൂഗിൾ പിക്സൽ 8 അഞ്ച് എണ്ണം, ഗൂഗിൾ പിക്സൽ 7 പ്രോ മൂന്ന് എണ്ണം, ഒമ്പത് ലാപ്ടോപ്പുകൾ എന്നിവയുൾപ്പെടെ 34.46 ലക്ഷം രൂപയുടെ സാധനങ്ങൾ പിടികൂടി. ജയ്നുലാബ്ദീന്റെ പക്കൽനിന്ന് 101 ഗ്രാം സ്വർണമാല, കൂടാതെ രണ്ട് ഡ്രോൺ കാമറ, 10 ഐഫോൺ 13 പ്രോ മൊബൈൽ ഫോണുകൾ, ആറ് ഐഫോൺ 15 പ്രോ മാക്സ് ഫോണുകൾ, ആറ് ഐഫോൺ 15 പ്രോ, രണ്ട് ആപ്പിൾ വാച്ചുകൾ, ഒമ്പത് ലാപ്ടോപ്പുകൾ എന്നിവയുൾപ്പെടെ 30.10 ലക്ഷത്തിന്റെ സാധനങ്ങൾ പിടിച്ചെടുത്തു. കൂടുതൽ അന്വേഷണം നടക്കുന്നതായി കസ്റ്റംസ് അറിയിച്ചു. Read on deshabhimani.com