അന്നയുടെ മരണം ; ഉത്തരവാദികൾക്കെതിരെ നടപടി വേണം : സിഐടിയു



തിരുവനന്തപുരം ഏണസ്‌റ്റ്‌ ആൻഡ്‌ യങ്‌ ജീവനക്കാരി അന്ന സെബാസ്‌റ്റ്യന്റെ മരണത്തിന്‌ ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്‌ സിഐടിയു സംസ്ഥാന കമ്മിറ്റി.അമിത ജോലിഭാരം മൂലമുള്ള മാനസികസമ്മർദവും ശാരീരിക പ്രശ്‌നങ്ങളുമാണ്‌ മരണകാരണമെന്നാണ്‌ അന്നയുടെ അമ്മ ആരോപിച്ചത്‌.  സംഭവത്തിൽ നിഷ്‌പക്ഷ അന്വേഷണത്തിന്‌ ഐടി, ആഭ്യന്തര മന്ത്രാലയങ്ങൾ തയ്യാറാകണം.  കോർപറേറ്റ്‌ സ്ഥാപനങ്ങളിലെ അമിതജോലിഭാരം അസഹനീയമാണ്‌. സമ്മർദത്തിന്‌ അടിപ്പെടുന്ന ജീവനക്കാരിൽ ജീവിതശൈലീ രോഗങ്ങളും ഹൃദ്‌രോഗങ്ങളും വർധിക്കുന്നു. നിയമാനുസൃതമായ തൊഴിലവകാശങ്ങൾ നിഷേധിക്കപ്പെടുകയും പിരിച്ചുവിടൽ ഭീഷണി നേരിടേണ്ടിവരികയും ചെയ്യുന്നു. പല കോർപറേറ്റ്‌ കമ്പനികളിലും വനിതാ ജീവനക്കാർക്ക്‌ പരാതി പറയാൻ പോലുമാകുന്നില്ല. രാജിവച്ച്‌ മറ്റ്‌ കമ്പനികളിലേക്ക്‌ പോകാൻ ശ്രമിക്കുന്നവർക്ക്‌ ജോലി ലഭിക്കാതിരിക്കാനുള്ള ശ്രമങ്ങളും മാനേജ്‌മെന്റുകൾ ശ്രമിക്കുന്നു. ഇതുഭയന്ന്‌ പലരും പരാതിപോലും പറയുന്നില്ല. കടുത്ത അന്യായത്തെ നേരിടാൻ ഭൂരിപക്ഷം കമ്പനികളിലും ജീവനക്കാർക്ക്‌ ട്രേഡ്‌ യൂണിയനുകളുമില്ല. തൊഴിലാളികളെ അകാല മരണത്തിലേക്ക്‌ തള്ളിവിടുന്ന കോർപറേറ്റുകളുടെ നയങ്ങൾക്കെതിരെ പ്രക്ഷോഭത്തിന്‌ തൊഴിലാളികൾ തയ്യാറാകണമെന്ന്‌ ജനറൽ സെക്രട്ടറി എളമരം കരീം വാർത്താക്കുറിപ്പിൽ പറഞ്ഞു.   Read on deshabhimani.com

Related News