പാറക്കടവ് പഞ്ചായത്തിന്റെ അനാസ്ഥ ; ആറുപതിറ്റാണ്ടിലേറെ പഴക്കമുള്ള വഞ്ചി സർവീസ് നിലച്ചു
നെടുമ്പാശേരി പാറക്കടവ് പഞ്ചായത്തിലെ 13–-ാംവാർഡിൽ പൂവത്തുശേരി കവലയെയും എളവൂരിനെയും ബന്ധിപ്പിക്കുന്ന തിരുപറമ്പ് കടവിൽ അറുപതു വർഷങ്ങളായുണ്ടായിരുന്ന പഞ്ചായത്ത് വഞ്ചി സർവീസ് നിലച്ചിട്ട് നാലുമാസത്തിലധികമായി. ഇരുപ്രദേശങ്ങളിലെയും ജനങ്ങൾക്ക് ഏറെ പ്രയോജനകരമായിരുന്നു ഈ കടത്തുവഞ്ചി. വർഷങ്ങളായി എളവൂർ പ്രദേശത്തുനിന്ന് പൂവത്തുശേരി സെന്റ് ജോസഫ് സ്കൂളിലേക്ക് കുട്ടികൾ എത്തിയിരുന്നത് ഈ കടത്തുവഞ്ചി മാർഗമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കടത്തുവഞ്ചി നിലച്ചതിനാൽ ഇപ്പോൾ കിലോമീറ്ററുകൾ ചുറ്റി മൂഴിക്കുളം, പാറക്കടവ് വഴിയാണ് പ്രദേശവാസികൾ സഞ്ചരിക്കുന്നത്, രാത്രികാലങ്ങളിൽ പ്രത്യേകിച്ചും ഇത് ദുരിതയാത്രയുമാണ്. വർഷങ്ങളുടെ പഴക്കമുള്ള ഈ കടത്തുവഞ്ചി സർവീസ് നടത്തിയിരുന്ന വ്യക്തി മരണപ്പെട്ടതിനെ തുടർന്ന് പുതിയ ക്വട്ടേഷൻ മുഖാന്തരം കരാർ തുക നിശ്ചയിക്കുന്നതിൽ പഞ്ചായത്ത് അധികൃതരുടെ പിടിവാശിയാണ് ആളുകൾ കരാർ എടുക്കാൻ തയ്യാറാകാത്തത് എന്നാണ് സമീപവാസികളും വ്യാപാരികളും പറയുന്നത്. നാളുകൾ നീണ്ടുപോയിട്ടും ജനത്തിന് വളരെ ഉപകാരപ്രദമായ കടത്തുവഞ്ചി സേവനം പുനരാരംഭിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വാർഡ് കൂടിയായ 13–-ാംവാർഡിലെ കടവായിട്ടും പഞ്ചായത്ത് വേണ്ടെത്ര ശ്രദ്ധ നൽകുന്നില്ല എന്നുള്ള ആക്ഷേപവും ജനങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇനിയും കടത്തുവഞ്ചി സേവനം നിശ്ചയിക്കുന്നതിൽ പഞ്ചായത്ത് അനാസ്ഥ തുടരുകയാണെങ്കിൽ പഞ്ചായത്തിനുമുന്നിൽ സമരപരിപാടികളുമായി മുന്നോട്ടുനീങ്ങുമെന്ന് ആർജെഡി സംസ്ഥാന സെക്രട്ടറി ജയ്സൺ പാനികുളങ്ങര പ്രസ്താവനയിൽ അറിയിച്ചു. Read on deshabhimani.com