ലക്ഷ്യത്തിലേക്ക് അമ്പുതൊടുത്ത് 300 പേര്‍ ; സംസ്ഥാന ആർച്ചറി ചാമ്പ്യൻഷിപ് തുടങ്ങി



കോതമംഗലം മുപ്പത്തഞ്ചാമത് സംസ്ഥാന ആർച്ചറി ചാമ്പ്യൻഷിപ് (അമ്പെയ്ത്ത്) കോതമംഗലം എംഎ കോളേജ് ഗ്രൗണ്ടിൽ തുടങ്ങി. 14 ജില്ലകളിൽനിന്നായി 300 പേര്‍ രണ്ടുദിവസം നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്‌ക്കുന്നുണ്ട്. ഗോവയിൽ അടുത്തമാസം നടക്കുന്ന ദേശീയ ഗെയിംസിൽ സംസ്ഥാനത്തെ പ്രതിനിധാനംചെയ്യുന്ന താരങ്ങളും കോതമംഗലത്ത് ലക്ഷ്യത്തിലേക്ക് അമ്പുതൊടുക്കും. ആദ്യദിനം ജൂനിയർ വിഭാഗത്തിൽ കണ്ണൂർ ജില്ല 19 പോയിന്റ് നേടി മുന്നിലെത്തി. പാലക്കാട് 12 പോയിന്റുമായി രണ്ടാമതും തിരുവനന്തപുരം എട്ടു പോയിന്റുമായി മൂന്നാമതുമെത്തി. ശനി നടക്കുന്ന സീനിയർ മത്സങ്ങളോടെ ചാമ്പ്യൻഷിപ്പ് സമാപിക്കും. ചാമ്പ്യന്‍ഷിപ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരള ആർച്ചറി അസോസിയേഷൻ സെക്രട്ടറി പി ഗോകുൽനാഥ് അധ്യക്ഷനായി. കോതമംഗലം പ്രസ്‌ക്ലബ് സെക്രട്ടറി ലത്തീഫ് കുഞ്ചാട്ട് മുഖ്യാതിഥിയായി. ആർച്ചറി അസോസിയേഷൻ ട്രഷറർ പന്മന മഞ്ജേഷ്, ദേശീയ ജഡ്ജ് വി എം ശ്യാം, കേരള സ്പോർട്സ് കൗൺസിൽ പരിശീലകരായ ഒ ആർ രഞ്ജിത്, പി യു മനു, കൺവീനർ വിഷ്ണു റെജി തുടങ്ങിയവർ സംസാരിച്ചു. സമാപനസമ്മേളനം ശനി വൈകിട്ട് ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ കെ കെ ടോമി അധ്യക്ഷനാകും. Read on deshabhimani.com

Related News