പറപ്പൂക്കര ഇരട്ടക്കൊലപാതകം: പ്രതികളുടെ ഇരട്ട ജീവപര്യന്തം ശരിവച്ചു
കൊച്ചി ഇരിങ്ങാലക്കുട പറപ്പൂക്കര ഇരട്ടക്കൊലപാതക കേസിൽ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ഉൾപ്പെടെയുള്ള ശിക്ഷ ഹൈക്കോടതി ശരിവച്ചു. ഒന്നുമുതൽ അഞ്ചുവരെ പ്രതികൾക്ക് കൊലപാതകത്തിന് ഇരട്ട ജീവപര്യന്തവും വധശ്രമത്തിന് 20 വർഷം കഠിനതടവും പിഴയും വിധിച്ച ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതി ഉത്തരവാണ് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ശരിവച്ചത്. 2015 ഡിസംബർ 25ന് ആമ്പല്ലൂർ വരാക്കര സ്വദേശി രായപ്പൻവീട്ടിൽ കൊച്ചപ്പന്റെ മകൻ മെൽവിൻ (35), മുരിയാട് സ്വദേശി പനിയാറവീട്ടിൽ വിശ്വനാഥന്റെ മകൻ ജിത്തു (വിശ്വജിത്ത്–33) എന്നിവർ കൊല്ലപ്പെട്ട കേസിലാണ് വിധി. പ്രതികളായ ആനന്ദപുരം സ്വദേശി രജീഷ് (മക്കു), പറപ്പൂക്കര ജൂബിലി നഗറിൽ ചെറുവാൾ ശരത് (ശരവണൻ), നെടുമ്പാൾ സ്വദേശി സന്തോഷ് (കൊങ്കൻ), ആനന്ദപുരം സ്വദേശികളായ ഷിനു, രഞ്ജു എന്നിവരുടെ ശിക്ഷയാണ് ശരിവച്ചത്. ഇവർ നൽകിയ അപ്പീൽ തള്ളിയാണ് ഉത്തരവ്. ആസൂത്രണംചെയ്ത് നടപ്പാക്കിയ കുറ്റകൃത്യമാണിതെന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു. നന്തിക്കര സ്വദേശിയുടെ ഭാര്യയെ കളിയാക്കിയത് ചോദ്യംചെയ്തതിലുള്ള വൈരാഗ്യംമൂലം പ്രതികൾ സംഘം ചേർന്ന് മെൽവിനെയും ജിത്തുവിനെയും പ്രശ്നം തീർക്കാനെന്ന വ്യാജേന വിളിച്ചുകൊണ്ടുപോയി വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രോസിക്യൂഷനായി സീനിയർ ഗവ. പ്ലീഡർ അലക്സ് എം തോമ്പ്ര ഹാജരായി. Read on deshabhimani.com