എനിക്ക് വളരെ പ്രിയപ്പെട്ട വ്യക്തി , ലൊക്കേഷനുകളിൽ സൗമ്യസാന്നിധ്യം : കമൽ
എനിക്ക് വളരെ പ്രിയപ്പെട്ട വ്യക്തിയും സുഹൃത്തുമാണ് മേഘനാദൻ. ബാലൻ കെ നായരുടെ മകൻ എന്ന നിലയിലാണ് ആദ്യം പരിചയപ്പെടുന്നത്. 1979-ൽ എന്റെ സിനിമാജീവിതം തുടങ്ങുന്ന ‘ത്രാസം’ എന്ന ചിത്രത്തിൽ ബാലൻ കെ നായരായിരുന്നു നായകൻ. ബാലേട്ടനോടൊപ്പം ലൊക്കേഷനിൽ വന്നപ്പോഴാണ് മേഘനാദനെ ആദ്യം കാണുന്നത്. പിന്നീട് 1983-ൽ ഞാൻ സഹസംവിധായകനായി വർക്ക് ചെയ്ത പി എൻ മേനോന്റെ ‘അസ്ത്രം’ എന്ന ചിത്രത്തിലാണ് മേഘനാദൻ ആദ്യമായി അഭിനയിക്കുന്നത്. എന്റെ രണ്ടു ചിത്രങ്ങളിലാണ് മേഘനാദൻ അഭിനയിച്ചത്. ഈ പുഴയും കടന്ന്, ഭൂമിഗീതം എന്നീ ചിത്രങ്ങളിൽ. ‘ഈ പുഴയും കടന്ന്’ ചിത്രത്തിലെ മേഘനാദന്റെ വില്ലൻ കഥാപാത്രം വളരെയധികം ശ്രദ്ധ നേടി. വില്ലൻവേഷങ്ങളിലാണ് മിക്കവാറും ചിത്രങ്ങളിൽ അഭിനയിച്ചത്. ബാലൻ കെ നായരെപ്പോലെ സ്ക്രീനിൽ വില്ലനായിരുന്നെങ്കിലും അച്ഛനെപ്പോലെ ജീവിതത്തിൽ മാന്യനും വളരെ സൗമ്യനുമായിരുന്നു മേഘനാദൻ. ഷൂട്ടിങ് ലൊക്കേഷനുകളിലും സൗമ്യസാന്നിധ്യമായിരുന്നു. ആരുടെ മുമ്പിലും അവസരങ്ങൾക്കായി പോയിരുന്നില്ല. മേഘനാദന്റെ അപ്രതീക്ഷിതമായ വിയോഗം മലയാളസിനിമയ്‌ക്ക് വലിയ നഷ്ടമാണ്. വ്യക്തിപരമായി എനിക്കും. Read on deshabhimani.com