തീരസംരക്ഷണത്തിന് മേല്‍നോട്ട സമിതി
തിരുവനന്തപുരം തീരസംരക്ഷണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ജലവിഭവ, ഫിഷറീസ്, തുറമുഖ, തദ്ദേശ വകുപ്പ് സെക്രട്ടറിമാർ ചേർന്ന സമിതി രൂപീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വിവിധ വിഷയങ്ങൾ ഏകോപിപ്പിക്കാനാണ് സമിതി രൂപീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നോഡൽ ഏജൻസിയായി ജലവിഭവ വകുപ്പ് പ്രവർത്തിക്കും. വിവിധ വകുപ്പുകൾ തമ്മിൽ പരസ്പര ആലോചന ആവശ്യമാണ്. തീരസംരക്ഷണത്തിന്റെ ആവശ്യകതയും മുൻഗണനയും നിശ്ചയിച്ച് ഹോട്ട്സ്പോട്ടുകൾ തയ്യാറാക്കണം. മത്സ്യബന്ധനമേഖലയെ ദോഷകരമായി ബാധിക്കാത്ത തരത്തിൽ തീരപ്രദേശത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്തണം. തീരസംരക്ഷണത്തിനായി ചെലവു കുറഞ്ഞതും ഗുണമേന്മയുള്ളതുമായ നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തണം. ഇതിനായി ജിയോ ട്യൂബ് സംരക്ഷണ മാതൃക ജലവിഭവ വകുപ്പിന് പരിഗണിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ മന്ത്രിമാരായ സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, തുറമുഖ ഫിഷറീസ് വകുപ്പ് സെക്രട്ടറി കെ എസ് ശ്രീനിവാസ് തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com