ശബരിമല മണ്ഡലപൂജ ; വിപുലമായ ക്രമീകരണങ്ങളെന്ന് ദേവസ്വംബോർഡ്



കൊച്ചി ശബരിമലയിൽ മണ്ഡലപൂജയ്‌ക്കായി വിപുല ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ദേവസ്വംബോർഡ് ഹൈക്കോടതിയെ അറിയിച്ചു. 25ന് ഉച്ചയ്ക്ക് നടയടച്ചാൽ വൈകിട്ട് അഞ്ചുവരെ തീർഥാടകരെ പമ്പയിൽനിന്ന് കയറ്റിവിടില്ല. പകൽ 1.30ന് തങ്ക അങ്കി പമ്പയിലെത്തും. 3.30 വരെ പമ്പയിലെ തങ്ക അങ്കി ദർശനത്തിനുശേഷം ഘോഷയാത്ര പുറപ്പെട്ട് 6.15ന് സന്നിധാനത്തെത്തും. 6.30 വരെ തങ്ക അങ്കി ചാർത്തി ദീപാരാധന നടത്തും. അതിനുശേഷമേ  തീർഥാടകരെ പതിനെട്ടാംപടി കയറ്റിവിടുകയുള്ളൂ. 26ന് പകൽ 12 മുതൽ 12.30 വരെയാണ് മണ്ഡലപൂജ. അന്നുരാത്രി 11ന് ഹരിവരാസനം കഴിഞ്ഞ് നടയടച്ച് 30ന് വൈകിട്ട് നാലിന് തുറക്കുമെന്നും ദേവസ്വം ബോർഡിനുവേണ്ടി ഹാജരായ സ്റ്റാൻഡിങ്‌ കൗൺസൽ അഡ്വ. ജി ബിജു അറിയിച്ചു. തങ്ക അങ്കി ഘോഷയാത്ര നടക്കുന്ന 25ന് വെർച്വൽ ക്യൂ ബുക്കിങ്‌ അമ്പതിനായിരവും മണ്ഡലപൂജ നടക്കുന്ന 26ന് അറുപതിനായിരവുമായി പരിമിതപ്പെടുത്തും. കൂടാതെ ആ ദിവസങ്ങളിൽ തത്സമയ ബുക്കിങ്‌ 5000 ആയും പരിമിതപ്പെടുത്തും. സന്നിധാനം, പമ്പ, പാർക്കിങ്‌ കേന്ദ്രങ്ങൾ, മറ്റ് ഇടത്താവളങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷാക്രമീകരണം കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് എസ്  മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദേശിച്ചു. പൊലീസ്, ദേവസ്വം ജീവനക്കാർ, വളന്റിയർമാർ തുടങ്ങിയവർ കൂടുതൽ ജാഗ്രത പുലർത്തണം. നിലയ്ക്കൽ പാർക്കിങ്‌ ഗ്രൗണ്ടിൽ ബസ് ദേഹത്തുകയറി തീർഥാടകൻ മരിച്ച സാഹചര്യത്തിലാണ് നിർദേശം. Read on deshabhimani.com

Related News