ഓളപരപ്പിൽ അഗ്‌നിപടരും ; പ്രസിഡന്റ്‌സ് ട്രോഫി മത്സരം ഇന്ന്
കൊല്ലം എല്ലാവഴികളും അഷ്ടമുടിയിലേക്ക്. ചാമ്പ്യൻസ് ബോട്ട് ലീഗ്, പ്രസിഡന്റ്‌സ് ട്രോഫികളിലെ ജലരാജാവാകാൻ അഷ്ടമുടിക്കായലിൽ അങ്കത്തിനിറങ്ങുക ഒമ്പതു ചുണ്ടന്മാർ. വിവിധ മത്സരങ്ങളിലായി ഒമ്പതു ചുണ്ടൻവള്ളവും 10 ചെറുവള്ളവുമാണ് പോരാട്ടത്തിനിറങ്ങുന്നത്. വെപ്പ് എ ഗ്രേഡ്–- 2, ഇരുട്ടുകുത്തി എ ഗ്രേഡ്– -2 , ഇരുട്ടുകുത്തി ബി ഗ്രേഡ്–- 3, വനിതകൾ തുഴയുന്ന തെക്കനോടി വള്ളങ്ങളും അടക്കം 10 വള്ളമാണ് പങ്കെടുക്കുക. ചെറുവള്ളങ്ങളുടെ ഹീറ്റ്സോടെ മത്സരങ്ങൾ ആരംഭിക്കും. ചുണ്ടൻവള്ളങ്ങളുടെ മത്സരത്തിന് മൂന്ന് ഹീറ്റ്സുകളുണ്ട്. തേവള്ളി കൊട്ടാരത്തിന് സമീപത്തു നിന്നുള്ള സ്റ്റാര്‍ട്ടിങ് പോയിന്റ് മുതല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനു സമീപത്തെ ബോട്ട് ജെട്ടി വരെ 1,100 മീറ്ററിലാണ് മത്സരം. പ്രസിഡന്റ്സ് ട്രോഫിക്കുവേണ്ടി അഷ്ടമുടിയുടെ ഓളപ്പരപ്പിൽ നടക്കുന്ന വള്ളംകളിയായ സിബിഎൽ പരമ്പരയിലെ അവസാന മത്സരത്തിൽ തീപാറും. പുന്നമടക്കായലിൽ തുടങ്ങി വിവിധ ജില്ലകളിലൂടെ അഷ്ടമുടിക്കായലിൽ അവസാനിക്കുന്ന സിബിഎൽ മത്സരങ്ങളിൽ കൂടുതൽ പോയിന്റ് നേടുന്ന ചുണ്ടനാണ് സിബിഎൽ ട്രോഫിയിൽ മുത്തമിടുക. സിബിഎൽ ജേതാക്കൾക്ക് 25 ലക്ഷമാണ് സമ്മാനത്തുക. രണ്ടാംസ്ഥാനത്തിന് 15 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് 10 ലക്ഷംരൂപയും ലഭിക്കും. ഇതിനുപുറമെ ഓരോ വള്ളത്തിനും നാലുലക്ഷം രൂപ വീതം ബോണസും ലഭിക്കും. ഇതിൽ ഒരുലക്ഷം വള്ളത്തിനും മൂന്നുലക്ഷം തുഴച്ചിൽക്കാർക്കുമാണ് ലഭിക്കുക. ആറുകോടിരൂപ വിനിയോഗിച്ചാണ് മത്സരം. ശനി പകൽ രണ്ടിന് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്യും. സമാപന സമ്മേളനത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ സമ്മാനദാനം നിർവഹിക്കും. Read on deshabhimani.com