നിപാ: വളർത്തുമൃഗങ്ങളുടെ കണക്കെടുപ്പ്‌ ഇന്നുമുതൽ



മലപ്പുറം > നിപാ ബാധിച്ച്‌ മരിച്ച കുട്ടിയുടെ ചെമ്പ്രശേരിയിലെ വീടിന്റെ ഒരുകിലോമീറ്റർ പരിസരത്തെ വളർത്തുമൃഗങ്ങളുടെ കണക്കെടുപ്പ്‌ തിങ്കളാഴ്‌ച ആരംഭിക്കും. ഇതിന്‌ മൃഗസംരക്ഷണ വകുപ്പ്‌ നടപടി തുടങ്ങി. പ്രദേശത്തെ വളർത്തുമൃഗങ്ങളിൽനിന്ന് സാമ്പിൾ ശേഖരിച്ച്‌ പരിശോധനക്ക് അയക്കും. മരിച്ച കുട്ടിയുടെ വീട്ടിൽ കോഴി, കാട എന്നിവമാത്രമാണുള്ളതെന്നാണ്‌ പ്രാഥമികവിവരം. ഇവയുടെ സ്രവവും രക്തവും ശേഖരിച്ച്‌ പരിശോധിക്കും. പ്രദേശത്ത്‌ പക്ഷിയോ മൃഗങ്ങളോ അസ്വാഭാവികമായി ചത്തിട്ടുണ്ടോയെന്നും പരിശോധിക്കും. വവ്വാലിന്റെ 
സാന്നിധ്യം ചെമ്പ്രശേരി പ്രദേശത്ത്‌ വവ്വാലിന്റെ സാന്നിധ്യമുണ്ടോയെന്ന കാര്യവും മൃഗസംരക്ഷണ വകുപ്പ്‌ പരിശോധിക്കും. പ്രദേശത്ത്‌ വവ്വാലിനെ കാണാറുണ്ടെന്നാണ്‌ നാട്ടുകാർ പറയുന്നത്‌. വവ്വാൽ, പന്നി എന്നിവയിൽനിന്നാണ് വൈറസ്‌ പകരുന്നതെന്നാണ്‌ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്‌. കുട്ടിയുടെ വീടിന്റെ പത്ത്‌ കിലോമീറ്റർ ചുറ്റളവിൽ പന്നി ഫാമുകളില്ല. മൃഗസംരക്ഷണ വകുപ്പ്‌ ശേഖരിക്കുന്ന സാമ്പിളുകൾ തിരുവനന്തപുരം പാലോടുള്ള സ്‌റ്റേറ്റ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഫോർ അനിമൽ ഡിസീസിലേക്കും (എസ്‌ഐഎഡി) ഭോപ്പാലിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലേക്കും (ഐസിഎആർ)ആണ്‌ അയക്കുക. വവ്വാൽ സാമ്പിളും 
ശേഖരിച്ചേക്കും ചെമ്പ്രശേരി ഭാഗത്തുനിന്ന് വവ്വാലിന്റെ സാമ്പിളുകൾ ശേഖരിക്കുന്നതും പരിഗണനയിലുണ്ട്‌. ഇതിന് വനംവകുപ്പ് നേതൃത്വം നൽകും. 2018ൽ കോഴിക്കോട്‌ ചങ്ങാരോത്ത്‌ നിപാ സ്ഥിരീകരിച്ചപ്പോൾ പുണെയിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ വൈറോളജിയിലെ പ്രത്യേക സംഘം എത്തിയാണ്‌ വവ്വാലിനെ പിടികൂടി സാമ്പിളുകൾ ശേഖരിച്ചത്‌. ഉറവിടം അമ്പഴങ്ങയെന്ന്‌ സംശയം മലപ്പുറം > പാണ്ടിക്കാട് നിപാ ബാധിച്ച് മരിച്ച പതിനാലുകാരന് എങ്ങനെ വൈറസ് ബാധയേറ്റെന്നത് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ആരോ​ഗ്യവകുപ്പ്. ഈ മാസം പത്തിനാണ് കുട്ടിക്ക് പനി ബാധിച്ചത്. അതിനാൽ ജൂൺ അവസാനവും ജൂലൈയിലെ ആദ്യവുമാകാം വൈറസ് ബാധയേറ്റതെന്നാണ് പ്രാഥമിക നി​ഗമനം. ഈ കാലയളവിൽ കുട്ടി സഞ്ചരിച്ചയിടങ്ങളാണ് ആരോ​ഗ്യവകുപ്പ് അന്വേഷിക്കുന്നത്. കുട്ടിയുടെ ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും വിവരങ്ങൾ ശേഖരിക്കും. കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം യാത്രപോയ സമയം അമ്പഴങ്ങ കഴിച്ചതായും വിവരമുണ്ട്. ഇക്കാര്യം ആരോ​ഗ്യവകുപ്പ് അധികൃതര്‍ സ്ഥിരീകരിക്കേണ്ടതുണ്ട്. സൂചനയുടെ അടിസ്ഥാനത്തില്‍ ആരോ​ഗ്യവകുപ്പ് അധികൃതര്‍ അമ്പഴങ്ങ ലഭിച്ചെന്ന് കരുതുന്ന സ്ഥലത്ത്  പരിശോധന നടത്തി. ഇവിടെ വവ്വാലുകളുള്ളതായും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനക്കുശേഷം വരുംദിവസം കൃത്യമായ ഉറവിടം കണ്ടെത്തുമെന്നാണ് പ്രതീക്ഷ. നിലവിൽ മറ്റ് രോ​ഗികളില്ലാത്തതിനാൽ മരിച്ച വിദ്യാർഥിയാണ് വൈറസ് ബാധയുടെ പ്രഥമ കണ്ണിയെന്ന് (ഇൻഡക്സ് കേസ്) കരുതുന്നു. ഇക്കാലയളവില്‍ കുട്ടി മറ്റ് ജില്ലകളില്‍ പോയിട്ടില്ലെന്നാണ് വിവരം. വിദ്യാർഥി 11നാണ് അവസാനമായി സ്കൂളിൽ പോയത്. ഇത്രദിവസം കഴിഞ്ഞിട്ടും കൂടുതൽ ആളുകൾക്ക് രോ​ഗലക്ഷണങ്ങൾ ഇല്ലാത്തത് ആശ്വാസകരമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. Read on deshabhimani.com

Related News