ഉണ്ണീനുണ്ട് എല്ലാ സമ്മേളനത്തിലും ; ഏഴരവർഷം ജയിലിൽ കഴിഞ്ഞ സന്തോഷ് കഞ്ഞിക്കുഴിയും പ്രതിനിധി
കൊടക്കാട് കെഎസ്‌കെടിയു സംസ്ഥാന സമ്മേളനവേദിയെ സമ്പന്നമാക്കി വിവിധ പ്രക്ഷോഭങ്ങളിൽ ഭാഗഭാക്കായവരും പുതുതലമുറയും. ഒളിവിലും തെളിവിലും കാരാഗൃഹത്തിലും കഴിഞ്ഞിട്ടും വീര്യംചോരാത്ത പോരാളികളുടെ പരിച്ഛേദം. അഞ്ചരപ്പതിറ്റാണ്ടുമുമ്പ് അംഗങ്ങളായവരും പ്രാദേശിക നേതൃരംഗത്ത് കാൽനൂറ്റാണ്ടുതാണ്ടിയ യുവനിരയും ഒറ്റക്കെട്ടായി അണിനിരന്നു. 125 വനിതകളടക്കം 515 പേരാണ് സമ്മേളനത്തിൽ പങ്കെടുത്തത്. ഒമ്പത് കേന്ദ്രനേതാക്കളും 87 സംസ്ഥാന കമ്മിറ്റിയംഗങ്ങളും ഉൾപ്പടെയാണിത്. 18നും 40നും ഇടയിൽ പ്രായമുള്ള 13 പേരും 75 വയസിനുമുകളിലുള്ള 10 പേരും പ്രതിനിധികളായി. ഇതുവരെനടന്ന 23 സംസ്ഥാനസമ്മേളനങ്ങളിലും പങ്കെടുത്തത് പാലക്കാട്ടെ എം ഉണ്ണീനാണ്. നിലവിൽ സംസ്ഥാന കമ്മിറ്റിയംഗം. എൺപതുകാരനായ തൃശൂരിലെ എ ആർ കുമാരനാണ് ഏറ്റവും മുതിർന്നത്. മുപ്പത്തിരണ്ടുകാരനായ റോബിൻ തോമസാണ് (പത്തനംതിട്ട) കുട്ടിപ്രതിനിധി. യൂണിയനിൽ 1970നുമുമ്പ് അംഗങ്ങളായ ഏഴുപേരും സമ്മേളത്തിനെത്തി. ഇതിൽ 1961ൽ അംഗത്വമെടുത്ത കോട്ടയത്തെ പി കെ മോഹനനുമുണ്ട്. 2000നുശേഷം അംഗത്വമെടുത്ത 186 പേരുംപങ്കെടുത്തു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഒമ്പതുപേരും ജില്ലാകമ്മിറ്റി അംഗങ്ങളായ 56 പേരും പ്രതിനിധികളായി. ജയിൽവാസമനുഭവിച്ച 134 പേർ, ഗുണ്ടാമർദനമേറ്റ 200 പേർ, കേസിൽ പ്രതിയായ 328 പേർ എന്നിവരും പ്രതിനിധികളായി. ഇതിൽ ആലപ്പുഴയിലെ സന്തോഷ് കഞ്ഞിക്കുഴി ഏഴരവർഷമാണ് ജയിലിൽ കഴിഞ്ഞത്. കോഴിക്കോട്ടെ എ പി സജിത് 129 കേസിൽ പ്രതിയായി. കെ കെ ദിനേശൻ കൺവീനറായ ക്രഡൻഷ്യൽ കമ്മിറ്റിയാണ് റിപ്പോർട്ടവതരിപ്പിച്ചത്. Read on deshabhimani.com